സിപിഎമ്മിന് വൻവളർച്ച, ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫിന് പിന്നിൽ അണിനിരക്കണം: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാനത്ത് 3000 പേർക്ക് ആർഎസ്എസ് പരിശീലനം നൽകിയെന്നും എസ്ഡിപിഐയും ഇത് ചെയ്യുന്നുവെന്നും കലാപം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും കോടിയേരി
സിപിഎമ്മിന് വൻവളർച്ചയുണ്ടായതായും ബിജെപിയെ പരാജയപ്പെടുത്താൻ ജനങ്ങൾ എൽഡിഎഫിന് പിന്നിൽ അണിനിരക്കണമെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണം അതുല്യ നേട്ടമാണെന്നും ലോകസഭ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് വികസിപ്പിക്കണമെന്ന തൃശൂർ സമ്മേളന തീരുമാനം ലായെന്നും എൽജെഡി മുന്നണിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും വിവിധ കേന്ദ്രങ്ങളിൽ 3000 പേർക്ക് ആർഎസ്എസ് പരിശീലനം നൽകിയെന്നും എസ്ഡിപിഐയും ഇത് ചെയ്യുന്നുവെന്നും കലാപം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനവും ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര തർക്കം തീർക്കാൻ ഐഎൻഎല്ലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുമായി സഹകരണം തുടരുമെന്നും അവർക്ക് ഇടതുപക്ഷ വിരുദ്ധ സമീപനമില്ലെന്നും കോടിയേരി പറഞ്ഞു. ഗവർണ്ണറുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിപിഎം സംഘടന രംഗത്ത് വലിയ മാറ്റം ഉണ്ടായെന്നും പാർട്ടി മെമ്പർമാരുടെ എണ്ണത്തിൽ 63000ത്തിലേറെ വർധനവുണ്ടായെന്നും കോടിയേരി വ്യക്തമാക്കി. ഇപ്പോൾ 527378 പാർട്ടി അംഗങ്ങളുണ്ടെന്നും 55 % ത്തിലേറെ പേർ 2012 ന് ശേഷം അംഗത്വമെടുത്തവരാണെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർഥി സംഘടന രംഗത്തുള്ള മേധാവിത്വം പാർട്ടി മെമ്പർഷിപ്പിൽ പ്രതിഫലിക്കുന്നില്ലെന്നും അതിനാൽ 25 വയസിന് താഴെ പ്രായമുള്ള മെമ്പർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. വനിത മെമ്പർമാരുടെ എണ്ണത്തിൽ വർധനവുണ്ടായതായും 1000ത്തിലേറെ ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു പാർട്ടികളിൽ ഉള്ളവർ സിപിഎമ്മിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി പാർട്ടിയുടെ ബഹുജന സ്വാധീനം വർധിപ്പിക്കണമെന്ന് നിർദേശിച്ചു. വിഭാഗീയത പൂർണ്ണമായും അന്ത്യം കുറിച്ചുവെന്നും സംസ്ഥാന തലത്തിൽ അത്തരം പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞു. സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കരുതെന്ന ജി. സുധാകരന്റെ കത്ത് നിഷേധിക്കാതിരുന്ന കോടിയേരി അദ്ദേഹത്തിന് ഏത് കാര്യവും പാർട്ടിയിൽ അറിയിക്കാമെന്നും അതിലൊന്നും തെറ്റില്ലെന്നും പറഞ്ഞു.
Kodiyeri Balakrishnan, state general secretary of the CPM, said that the CPM has grown tremendously and if the BJP is defeated, the people should rally behind the LDF.
Adjust Story Font
16