ആലപ്പുഴ കൊലപാതകം: വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് കോടിയേരി
എസ്ഡിപിഐയും ആര്‍എസ്എസും മത്സരിച്ച് അക്രമം നടത്തുകയാണെന്ന് പറഞ്ഞ കോടിയേരി, എച്ച് സലാമിനെതിരായ ആരോപണങ്ങള്‍ തള്ളി
ആലപ്പുഴ കൊലപാതകത്തില്‍ പൊലീസിനും ഇന്‍റലിജന്‍സിനും വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല നടത്തിയവരാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. കലാപം സൃഷ്ടിക്കാൻ ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തുന്നത്. ഒറ്റപ്പെട്ട സംഭവം അല്ല. ഓരോ സ്ഥലത്തും ഇത്തരം അക്രമങ്ങള്‍ നടത്താൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ആർഎസ്എസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. മുസ്‍ലിം തീവ്രവാദശക്തികള്‍ അതിന് സഹായം ചെയ്യുന്നു. ആലപ്പുഴ കൊലപാതകത്തില്‍ എവിടെപ്പോയി ഒളിച്ചാലും പ്രതികളെ പിടിക്കും. വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം അടക്കം പൊലീസ് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എസ്ഡിപിഐക്കാര്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എസ്ഡിപിഐക്കാര്‍ക്ക് സിപിഎമ്മില്‍ നുഴഞ്ഞുകയറാനാവില്ലെന്ന് കോടിയേരി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. സിപിഎമ്മിൽ മതന്യൂനപക്ഷങ്ങൾ പാടില്ലെന്നാണ് ബിജെപി നിലപാട്. സിപിഎമ്മില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്. മുസ്‍ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്ന രീതി ശരിയല്ല. സിപിഎമ്മിനകത്ത് പ്രവര്‍ത്തിക്കുന്ന ഉന്നത നേതാവിനെപ്പോലും എസ്ഡിപിഐ ആയി ചിത്രീകരിക്കുന്നു. എച്ച് സലാം വിദ്യാര്‍ഥി കാലം മുതല്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചുവന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി നിയമസഭാ സാമാജികനായ ആളാണ്. അങ്ങനെയൊരാളെ കുറിച്ച് ഇങ്ങനെ പറയാന്‍ ബിജെപി നേതാക്കള്‍ക്ക് മാത്രമേ കഴിയൂ എന്നും കോടിയേരി പറഞ്ഞു.
എസ്ഡിപിഐ നേതാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു- 'ഞങ്ങള്‍ വിലാപയാത്ര നടത്തില്ല. ആഹ്ലാദപ്രകടനമാണ് നടത്തുക'. ഒരു കൊലപാതകം നടന്നാല്‍ അവര്‍ക്ക് ആഹ്ലാദമാണെന്നും ഇതൊരു സന്ദേശമാണ് കൊടുക്കുന്നതെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കണം. കേരളത്തെ കലാപ ഭൂമിയാക്കരുതെന്ന് ആവശ്യപ്പെട്ട് ജനുവരി 4ന് ലോക്കൽ കമ്മറ്റികൾ കേന്ദ്രീകരിച്ച് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസ് സ്വാഗത സംഘ രൂപീകരണവും ജനുവരി നാലിനാണ്.
Adjust Story Font
16