വഖഫ് വിഷയത്തിൽ ലീഗിന് ആത്മാർതഥയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
സമസ്തയെ പാഠം പഠിപ്പിക്കാനാണ് ഇന്നലെ കോഴിക്കോട്ട് ലീഗ് റാലി സംഘടിപ്പിച്ചത്, ലീഗിനെ തിരുത്താൻ കോണ്ഗ്രസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ സമരം നടത്തുന്ന മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
വഖഫ് വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്മാർത്ഥ ഇല്ലാത്തതാണെന്നും അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി നിയമന ബില്ലിനെ ലീഗ് എതിർത്തില്ലെന്നും ശബ്ദ വോട്ടെടുപ്പോടെ ഇതിനെ ലീഗ് അംഗീകരിച്ചു, വോട്ടിംഗ് വേണമെന്ന് പോലും ലീഗ് ആവശ്യപ്പെട്ടില്ലെന്നും സഭയിൽ ഒരു പ്രതിഷേധത്തിന് പോലും അവർ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടാണ് ഇപ്പോൾ ലീഗിനെ നയിക്കുന്നതെന്ന എന്ന ആരോപണവും അദ്ദേഹം നടത്തി.
' മതമാണ് തങ്ങളെ നയിക്കുന്നത് എന്ന് ലീഗ് പ്രഖ്യാപിക്കുകയാണ്' രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം, അധികാരം ഇല്ലാത്തതാണ് ലീഗിന്റെ പ്രശ്‌നം' അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്‌മാൻ കല്ലായി നടത്തിയ പ്രസംഗം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
' നാടിനെ സാമുദായിക കലാപത്തിലേക്ക് കൊണ്ടുപോകാനാണ് ലീഗ് ശ്രമിക്കുന്നത്, പള്ളികൾ സംഘർഷ ഭൂമിയാക്കുന്നതിനെ സുന്നി സംഘടനകൾ എതിർത്തു, ഇതോടെ ലീഗ് ഒറ്റപ്പെട്ടു'- കോടിയേരി കൂട്ടിച്ചേർത്തു.
സമസ്തയെ പാഠം പഠിപ്പിക്കാനാണ് ഇന്നലെ കോഴിക്കോട്ട് ലീഗ് റാലി സംഘടിപ്പിച്ചത്, ലീഗിനെ തിരുത്താൻ കോണ്ഗ്രസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സുധീരനോ മുല്ലപ്പള്ളിയോയായിരുന്നു കെപിസി സി പ്രസിഡന്റ് എങ്കിൽ ഇതിനെ പരസ്യമായി തള്ളി പറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു. ലീഗ് വളരുന്ന രാഷ്ട്രീയ പ്രസ്ഥാനം അല്ല. തകരുന്ന രാഷ്ട്രീയ പ്രസ്ഥാനം ആണെന്നും അദ്ദേഹം പരിഹസിച്ചു. ലീഗുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കാൻ സിപിഎം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വിഷയത്തിൽ ലീഗിനെതിരെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗിൻറെ ബോധ്യം ആര് പരിഗണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാൻ ഉള്ളത് അതു ചെയ്തു കാണിക്ക്, ഞങ്ങൾക്ക് അതൊരു പ്രശ്‌നമല്ല. നിങ്ങൾ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്നു പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്ന് മാറുമെന്ന് ആരും കരുതണ്ട. പിണറായി തുറന്നടിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിണറായി വിജയൻ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചത്.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത് വഖഫ് ബോർഡ് ആണ്. അത് സർക്കാർ അംഗീകരിച്ചെന്നും ആ ചർച്ചയിൽ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോൾ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചർച്ച നടത്തി. അവർക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ഇപ്പോൾ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ട്‌പോകൂ. മുഖ്യമന്ത്രി വിശദീകരിച്ചു
ഞങ്ങളുടെ കൂടെയും മുസ്‌ലിം വിഭാഗക്കാർ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എൽ.ഡി.എഫിന് ഉണ്ടായ വളർച്ച നോക്കൂ, ആ വോട്ടിങ് പാറ്റേൺ നോക്കിയാൽ മനസിലാകില്ലേ...? ലീഗിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നിങ്ങൾ മത സംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന കാര്യത്തിൽ ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കിയെന്നും തുറന്നടിച്ചു. മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
Adjust Story Font
16