Quantcast

നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ; ലോകായുക്ത ഓർഡിനൻസിനെ കോടിയേരി ന്യായീകരിക്കുന്നത് ഇങ്ങനെ

"നായനാർ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്."

MediaOne Logo

Web Desk

  • Published:

    28 Jan 2022 5:21 AM GMT

നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ; ലോകായുക്ത ഓർഡിനൻസിനെ കോടിയേരി ന്യായീകരിക്കുന്നത് ഇങ്ങനെ
X

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. അഴിമതിയുടെ വ്യത്യസ്ത ധ്രുവത്തിലുള്ള രാഷ്ട്രീയ ശക്തികൾ സർക്കാറിനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് എന്ന് കോടിയേരി ആരോപിക്കുന്നു. ഇതിന് ചില മാധ്യമങ്ങളുടെ കൂട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിയമം കൊണ്ടുവന്ന നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ തുടർച്ചയായ നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164ന് അനുസൃതമല്ലെന്നാണ് നിയമോപദേശം. സർക്കാരിന് 2021 ഏപ്രിൽ 13നാണ് അഡ്വക്കറ്റ് ജനറലിൽനിന്ന് ഇത് ലഭിച്ചത്. ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ പ്രീതിക്ക് വിധേയമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലിരിക്കുന്നത്. ഇതാണ് ഭരണഘടനയുടെ അനുച്ഛേദം 164 വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഈ ഇടത്തിലേക്ക് അർധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്ത കടന്നുകയറുന്നതാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14. അഡ്വക്കറ്റ് ജനറൽ നൽകിയ ഉപദേശത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും കേന്ദ്ര ലോക്പാൽ നിയമവും സംസ്ഥാന ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ച ശേഷമാണ് ഭേദഗതിക്കായുള്ള ഫയൽ നീക്കിയത്. ഇതു പരിശോധിച്ചാണ് മന്ത്രിസഭ ഗവർണറുടെ അനുമതിക്കായി ഓർഡിനൻസ് സമർപ്പിച്ചിരിക്കുന്നത്.'- കോടിയേരി എഴുതി.

ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽനിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നുകൊടുക്കുന്നതാണെന്ന് കോടിയേരി പറയുന്നു.

'നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ൽ നായനാർ സർക്കാർ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിർമാണം എന്നത് ജവാഹർലാൽ നെഹ്‌റുവിന്റെ കാലംമുതൽ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982-87ൽ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങൾ സർക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാർ ഭരണത്തിൽ എൽഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്‌നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്. ഈ നിർദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാൽ ഇപ്പോൾ കമീഷന് മുമ്പാകെയുള്ള പരാതികളുമായി ഈ വിഷയത്തെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്.'

ഓർഡിൻസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പ്രതിപക്ഷവുമായി ചർച്ച നടത്തിയില്ലെന്ന വിഡി സതീശന്റെ വാദത്തെ ലേഖനത്തിൽ കോടിയേരി പരിഹസിക്കുന്നു.

'ഓർഡിനൻസ് കൊണ്ടുവരുംമുമ്പ് പ്രതിപക്ഷവുമായി സർക്കാർ എന്തുകൊണ്ട് ചർച്ച ചെയ്തില്ല എന്ന വിചിത്രമായ ഒരു ചോദ്യം സതീശൻ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ ഒരു നടപടി ക്രമം ഭരണഘടനാപ്രകാരമോ കീഴ്വഴക്കമനുസരിച്ചോ നിലവിലുണ്ടോ? യുഡിഎഫ് ഭരണകാലത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുംമുമ്പ് അങ്ങനെയൊരു ചർച്ച പ്രതിപക്ഷവുമായി നടത്തിയിട്ടില്ലല്ലോ. നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭയ്ക്ക് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയിൽ വരുമ്പോൾ അതിൻമേൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങൾ സർക്കാർ ഗൗരവത്തോടെ കേൾക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. ആ ജനാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും. ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവർണർക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവർണർ വിനിയോഗിക്കുക.'

പൊള്ളയായ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും ഭരണം അഴിമതിരഹിതവും സംശുദ്ധവുമാകണം എന്നതാണ് എൽഡിഎഫ് ഭരണത്തിന്റെ പ്രഖ്യാപനവും പ്രവൃത്തിയുമെന്നും പറഞ്ഞാണ് കോടിയേരി ലേഖനം അവസാനിപ്പിക്കുന്നത്.

TAGS :

Next Story