Quantcast

അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്? പൊലീസ് സംയമനം പാലിച്ചില്ലേ?: കോടിയേരി

ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരായ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

MediaOne Logo

Web Desk

  • Updated:

    2022-03-22 06:57:21.0

Published:

22 March 2022 6:51 AM GMT

അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്? പൊലീസ് സംയമനം പാലിച്ചില്ലേ?: കോടിയേരി
X

അടി കിട്ടേണ്ട സമരമാണ് ഇന്നലെ നടന്നതെന്ന് കെ റെയില്‍ വിരുദ്ധ സമരത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരക്കാര്‍ക്കെതിരെ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരായ സമരമാണെന്നും കോടിയേരി പറഞ്ഞു.

"ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കൂ. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഒന്നും സമ്മതിക്കില്ല എന്നാണ് നിലപാട്. രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടും. ഇന്നലെ നടത്തിയ കാര്യങ്ങള്‍ കണ്ടില്ലേ. കലക്ട്രേറ്റില്‍ കയറി കല്ലിടുക, സെക്രട്ടേറിയറ്റില്‍ കയറി കല്ലിടുക. ശരിക്കും അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്? പക്ഷേ പൊലീസ് സംയമനം പാലിച്ചില്ലേ? ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല ഉദ്ദേശിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. എടുത്തുകൊണ്ടുപോയെന്ന് കരുതി കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ അടുത്ത സംസ്ഥാനത്തുപോയി കല്ലുകൊണ്ടുവരും"- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് എൽഡിഎഫ് തീരുമാനം. കോട്ടയം മാടപ്പള്ളിയിലെ കെ റെയിൽ പ്രക്ഷോഭത്തിനെതിരെ വൈകിട്ട് ചങ്ങനാശ്ശേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. പ്രതിഷേധങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇന്നും സിപിഎം നേതാക്കള്‍ നടത്തിയത്. വെടിവെപ്പുണ്ടാക്കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എ കെ ബാലൻ ആരോപിച്ചു. സമരക്കാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ഇ പി ജയരാജനും എം എം മണിയും രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. കെ-റെയിൽ സമരത്തിനു പിന്നിൽ വിവര ദോഷികളാണ്. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണ്. കിഫ്ബിയെ എതിർത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും കെ റെയിൽ സമരത്തിൽ ജനങ്ങളില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കെ റെയിലിന്‍റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്‍റെ കുറ്റി ജനങ്ങൾ പിഴുതെറിയുമെന്ന് എം എം മണി പറഞ്ഞു. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം എം മണി പറഞ്ഞു. അതേസമയം സിൽവർ ലൈൻ ചോദ്യങ്ങളിൽ നിന്ന് റവന്യു മന്ത്രി കെ രാജന്‍ ഒഴിഞ്ഞുമാറി. ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നില്ല. പറയേണ്ട ഘട്ടത്തിൽ പറയാമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story