'ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസിന്റെ താൽപര്യം': കോടിയേരി
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിലുള്ള ആശങ്കയല്ല വഖഫ് റാലിയില്‍ ലീഗ് പ്രകടിപ്പിച്ചത്. പകരം മുഖ്യമന്ത്രിയെ ആക്ഷേപിക്കാനാണ് ലീഗ് വേദി ഉപയോഗിച്ചത്.
രാഹുൽ ഗാന്ധിയെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് ആര്‍എസ്എസിന്‍റെ താല്‍പര്യമാണെന്നും ആര്‍എസ്എസിന്‍റേയും കോണ്‍ഗ്രസിന്‍റേയും ആവശ്യം ഒന്നുതന്നെയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
''ഇന്ത്യ ഹിന്ദുക്കളാണ് ഭരിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതില്‍ എവിടെയാണ് മത നിരപേക്ഷത. രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് കോണ്‍ഗ്രസിന്റേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോ? കോണ്‍ഗ്രസ് ഹിന്ദുവികാരവും മുസ്ലിംലീഗ് മുസ്ലിം വികാരവും ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആര്‍എസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയുമാണ് സഹായിക്കുക. ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം ലീഗിനെയും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിനെയും നയിക്കുകയാണ്.'' കോടിയേരി പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ പറഞ്ഞത് വഖഫ് ബോര്‍ഡാണ്. 2017 ല്‍ ഇതില്‍ മന്ത്രി സഭ തീരുമാനമെടുത്തപ്പോള്‍ ലീഗ് എതിര്‍ത്തില്ല. 2020 ല്‍ നിയമഭേദഗതി വന്നപ്പോഴും ലീഗ് എതിര്‍ത്തില്ല. 2021 നിയമ സഭ തെരഞ്ഞെടുപ്പിലും ലീഗ് ഇതിനെതിരെ പ്രതികരിച്ചില്ല. നിയമസഭയിലും ലീഗ് എതിര്‍പ്പ് പ്രകടപ്പിച്ചില്ലായിരുന്നു. സുന്നി വിഭാഗത്തിലെ സംഘടനകള്‍ ഇതില്‍ ആശങ്കപ്രകടിപ്പിച്ചപ്പോള്‍ ജിഫ്രി തങ്ങളെയും കാന്തപുരത്തെയും മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചു. മുസ്ലിം വിഭാഗത്തിലെ ആളുകളെ മാത്രമേ ബോര്‍ഡില്‍ നിയമിക്കുവെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പു നല്‍കിയെന്നും കോടിയേരി പറഞ്ഞു.
പള്ളികളില്‍ പ്രതിഷേധം നടത്താന്‍ ലീഗ് ആഹ്വാനം ചെയ്തു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിലുള്ള ആശങ്കയല്ല വഖഫ് റാലിയില്‍ ലീഗ് പ്രകടിപ്പിച്ചത്. പകരം മുഖ്യമന്ത്രിയെ ആക്ഷേപിക്കാനാണ് ലീഗ് വേദി ഉപയോഗിച്ചത്. മുസ്ലിം ലീഗ് മതനിരപേക്ഷ പാര്‍ട്ടിയാണെന്നാണ് ഇതുവരെ പറഞ്ഞ് നടന്നത്. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിരിക്കുകയാണ്. ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്ന ശക്തികളാണ് ഇതിനെ എതിര്‍ക്കാന്‍ വന്നിരിക്കുന്നത്. നിയമം നടപ്പിലാക്കണമെന്ന് സിപിഎമ്മിന് വാശിയില്ല. ഇതിന്റെ പേരില്‍ മുസ്ലിം വികാരം ഇളക്കി വിടാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16