Quantcast

"പൊലീസുകാരോട് മാറിനിൽക്കാൻ പറയും,പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകും''- കോടിയേരി ബാലകൃഷ്ണന്‍

കലാപമുണ്ടാക്കി സംസ്ഥാനത്തിന്‍റെ അന്തരീക്ഷം മാറ്റാം എന്നാണ് തീരുമാനമെങ്കിൽ അതിന് കീഴടങ്ങില്ലെന്ന് കോടിയേരി

MediaOne Logo

Web Desk

  • Updated:

    2022-06-13 16:59:14.0

Published:

13 Jun 2022 4:54 PM GMT

പൊലീസുകാരോട് മാറിനിൽക്കാൻ പറയും,പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകും- കോടിയേരി ബാലകൃഷ്ണന്‍
X

മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചാല്‍ അതാവും ഏറ്റവും വലിയ സുരക്ഷ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് സുരക്ഷ ഒന്നും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. കലാപമുണ്ടാക്കി സംസ്ഥാനത്തിന്‍റെ അന്തരീക്ഷം മാറ്റാം എന്നാണ് തീരുമാനമെങ്കിൽ അതിന് കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

"പൊലീസ് സുരക്ഷ ഒന്നും വേണ്ട. ഞങ്ങൾ മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുക്കാൻ തീരുമാനിച്ചാൽ അതായിരിക്കും ഏറ്റവും വലിയ സംരക്ഷണം. ഞങ്ങൾ സംരക്ഷണം ഏറ്റെടുക്കാം. ഒറ്റ ഒരുത്തനും ഇങ്ങോട്ട് അടുക്കില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കലാപമുണ്ടാക്കി സംസ്ഥാനത്തിന്‍റെ അന്തരീക്ഷം മാറ്റാം എന്നാണ് തീരുമാനമെങ്കിൽ അതിന് കീഴടങ്ങില്ല"-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഫർസീൻ മജീദ്, നവീൻ എന്നിവരെ വലിയതുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇവർ പ്രതിഷേധിച്ചതോടെ പോലീസ് ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചിട്ടെന്നാണ് ഫർസീൻ മജീദ് പറഞ്ഞത്. പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ടാണ് ഇ.പി. ജയരാജൻ മർദിച്ചതെന്നും ഫർദീൻ ആരോപിച്ചു.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം .. പ്രതിഷേധം' എന്ന് പറഞ്ഞ് യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്നാണ് ഇ.പി ജയരാജൻ അവരെ നേരിടാൻ രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുക മാത്രമാണ് താൻ ചെയ്തത്. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ അക്രമിക്കുമായിരുന്നുവെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. 'എന്ത് കോൺഗ്രസാണിത്. ഭീകരപ്രവർത്തനമാണ് അവർ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കിൽ ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നു. പ്രവർത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരിൽ കോൺഗ്രസ് കയറ്റി വിടുകയായിരുന്നു' - ഇ.പി ആരോപിച്ചു.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ടായിരുന്നു. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കി. അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സിപിഎം പ്രവർത്തകരും വിമാനത്താവളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് നിർദേശത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പുറത്തുപോവുകയായിരുന്നു.

TAGS :

Next Story