Quantcast

പൊലീസ് എന്ത് പിഴച്ചു ?; ആലപ്പുഴ കൊലപാതകങ്ങളിൽ പൊലീസിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ

'എല്ലാവരെയും സംരക്ഷിക്കുമെന്ന ബി.ജെ.പി വാദം കള്ളത്തരമാണ്, ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു '

MediaOne Logo

Web Desk

  • Published:

    2 Jan 2022 1:08 PM GMT

പൊലീസ് എന്ത് പിഴച്ചു ?; ആലപ്പുഴ കൊലപാതകങ്ങളിൽ പൊലീസിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ
X

പൊലീസിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലെ എസ്ഡിപിഐ പ്രവർത്തകന്റെയും ബിജെപി പ്രവർത്തകന്റെയും കൊലപാതകത്തിലാണ് കോടിയേരിയുടെ പ്രതികരണം. കൊലപാതകം നടത്തിയവരാണ് പൊലീസിനെ കുറ്റം പറയുന്നതെന്നും പൊലീസ് എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.

വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു ആലപ്പുഴയിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആർ.എസ്.എസിന്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്നും ആർഎസ്എസ് സ്വപ്‌നം കാണുന്നത് ഇവർ മൂന്നുപേരും ഇല്ലാത്ത ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാവരെയും സംരക്ഷിക്കുമെന്ന ബി.ജെ.പി വാദം കള്ളത്തരമാണ്, ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്' ഈ ആക്രമണങ്ങൾ ആർ.എസ്.എസ് ആസൂത്രണം ചെയതതാണെന്നും കോടിയേരി ആരോപിച്ചു.

കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾ മാത്രം അധികാരത്തിൽ വരണമെന്നത് കോൺഗ്രസ് നയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിച്ചാലും കോൺഗ്രസ് ഭരിച്ചാലും കുത്തക മുതലാളിമാർക്ക് രക്ഷയാണെന്നും കോൺഗ്രസിനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണമെന്നും മതനിരപേക്ഷ മനസുള്ളവരും പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story