Quantcast

കോടിയേരിയുടെ വിയോഗം: മൂന്ന് മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കോടിയേരിയോടുള്ള ആദര സൂചകമായി സി.പി.എം പതാക പകുതി താഴ്ത്തിക്കെട്ടി

MediaOne Logo

Web Desk

  • Updated:

    2022-10-02 03:50:17.0

Published:

2 Oct 2022 3:45 AM GMT

കോടിയേരിയുടെ വിയോഗം: മൂന്ന് മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍
X

സി.പി.എം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താല്‍ ആചരിക്കും. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. കോടിയേരിയുടെ ഭൗതിക ശരീരം ഇന്ന് കണ്ണൂരിലെത്തിക്കും.

രാവിലെ 9.30ഓടെ ചെന്നൈയില്‍ നിന്ന് എയർ ആംബുലൻസ് പുറപ്പെടും. കണ്ണൂർ വിമാനത്താവളത്തില്‍ 11 മണിയോടെ എത്തും. തുടര്‍ന്ന് വിലാപയാത്രയായി തലശ്ശേരി ടൗൺഹാളിലെത്തിക്കും. ഇന്ന് പൂര്‍ണമായി തലശ്ശേരിയിലാണ് പൊതുദര്‍ശനം. നാളെ വീട്ടിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും.

കോടിയേരിയോടുള്ള ആദര സൂചകമായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സി.പി.എം പതാക പകുതി താഴ്ത്തിക്കെട്ടി. പലയിടങ്ങളിലും അനുശോചന യോ​ഗങ്ങളും ചേരുന്നുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു.

പാര്‍ട്ടി പ്രത്യയശാസ്ത്രത്തിന്‍റെ കാര്‍ക്കശ്യം നിലനിര്‍ത്തിയതിനൊപ്പം നയപരമായ ഇടപെടല്‍ കൊണ്ട് രാഷ്ട്രീയത്തില്‍ തന്‍റേതായ ഇടം നേടിയെടുത്ത നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയതയുടെ കൊടുമുടിയിൽ നില്‍ക്കുന്ന സമയത്ത് പാര്‍ട്ടിയെ നയിക്കാന്‍ ചുമതല ഏറ്റെടുത്ത നേതാവ്. സെക്രട്ടറി സ്ഥാനത്ത് ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോള്‍, സി.പി.എമ്മിന് എന്നും തലവേദനയായിരുന്ന വിഭാഗീയത ഇല്ലെന്ന് പറയാന്‍ കാരണക്കാരനായതും കോടിയേരി തന്നെ. തുടർച്ചയായി മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി സി.പി.എമ്മിനെ നയിച്ചു. 2006ലെ വി.എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരം, വിജിലൻസ്, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു.

TAGS :

Next Story