'ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന്'; ന്യായീകരിച്ച് കോടിയേരി
'വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് സർവീസ് നടപടികളുടെ ഭാഗമായാണ്'
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് സർവീസ് നടപടികളുടെ ഭാഗമാണെന്നും പൗരസമൂഹത്തിന്റെ എതിർപ്പിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു. ന്യായമായ വിയോജിപ്പുകളെ എൽഡിഎഫ് അസഹിഷ്ണതയോടെ തള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കോൺഗ്രസിന്റെ കരിങ്കൊടി' എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ നിലപാട് പേജിൽ എഴുതുന്ന ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ശ്രീറാം വെങ്കിട്ടരാമൻറെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
'പത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടികളുടെ ഭാഗമായിട്ടാണ് ആലപ്പുഴ കളക്ടർ ആക്കിയത്. എന്നാൽ അതിൽ പൗരസമൂഹത്തിന് എതിർപ്പുണ്ടായി. ഈ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാകുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ല എന്നാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമര കോലാഹോലാഹലങ്ങൾക്ക് മുന്നിൽ ഈ സർക്കാർ മുട്ടുമടക്കുകയില്ല.'- തുടങ്ങിയ വാക്കുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെ ന്യായീകരിക്കുന്നത്.
കോൺഗ്രസുകാർ വിവിധ സ്ഥലങ്ങളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുകയും മറ്റും ചെയ്യുന്ന സമരരീതി തുടരുകയാണ്. ഇതൊരു ബിജെപി കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കാനാണ് ദേശാഭിമാനിയിൽ പ്രധാനമായും കോടിയേരി പറയുന്നത്. എന്നാൽ ജനാധിപത്യപരമായ സമരങ്ങളോടൊന്നും സർക്കാരിന് എതിർപ്പില്ല എന്ന വാദമുഖവും അദ്ദേഹം ഉന്നയിക്കുന്നു.
Adjust Story Font
16