Quantcast

ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനം

അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ എൽ ഡി എഫിന് അർധ ജുഡീഷ്യൽ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ടെന്നും കോടിയേരി

MediaOne Logo

Web Desk

  • Updated:

    2022-01-28 03:34:16.0

Published:

28 Jan 2022 3:32 AM GMT

ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനം
X

ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ചും പ്രതിപക്ഷ വാദങ്ങളെ തള്ളിയും ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷവും നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ദേശാഭിമാനിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്തയിലെ നിലവിലെ വ്യവസ്ഥ കേന്ദ്രഭരണ കക്ഷിയുടെ ഇടങ്കോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്ന് കൊടുക്കുന്നതാണെന്നും നിയമഭേദഗതി മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ഇടയാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല വിധത്തിലും സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും, നായനാർ നിയമം കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നുള്ളതെന്നും കോടിയേരി ലേഖനത്തിൽ വിശദീകരിച്ചു. അതേസമയം കോൺഗ്രസിനെയും ബിജെപിയെയും അതി രൂക്ഷമായ ഭാഷയിലാണ് കോടിയേരി വിമർശിച്ചത്. ഭരണമെന്നാൽ അഴിമതിയുടെ ചക്കരക്കുടമാണെന്നാണ് കോൺഗ്രസും ബിജെപിയും കരുതുന്നതെന്നും ഇവർ ലോകായുക്ത വിഷയത്തിൽ അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ശ്രീബുദ്ധനെ കൊള്ളക്കാരനും കൊള്ളക്കാരനെ ശ്രീബുദ്ധനുമാക്കാനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് യു.ഡി.എഫ് ആവശ്യപ്പെടുമ്പോൾ ബിജെപിയും ഗവർണറുടെ മേൽ സമ്മർദം ചെലുത്തുകയാണ്.നിലവിലുള്ള നിയമം മാതൃകാപരമാണെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോൺഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്ന് കോടിയേരി ചോദിച്ചു. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളിൽ നടപ്പിലാക്കാൻ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ നടത്തിയത് വി ഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.

അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ എൽ ഡി എഫിന് അർധ ജുഡീഷ്യൽ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ട്. എൽ ഡി എഫ് ജനപ്രതിനിധികൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ അതിന്മേൽ ഇടപെടാനുള്ള സംവിധാനം മുമ്പേയുണ്ടെന്നും നടപടിയെടുത്തിട്ടുണ്ടെന്നും ഇതൊന്നും കോടതിയുടെയോ അർധ ജുഡീഷ്യൽ സംവിധാനത്തിന്റെയോ നിർദേശ പ്രകാരമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. നീതി ന്യായ സംവിധാനത്തിന്റെ വിലയിടിക്കുന്ന നടപടികളാണ് ബിജെപി-കോൺഗ്രസ് ഭരണത്തിലുള്ളത്, അത്തരം നീതി കേടെന്നും സർക്കാർ ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.


TAGS :

Next Story