Quantcast

കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു; വിലാപയാത്രയായി തലശ്ശേരിയിലേക്ക്

പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുന്നത് ആയിരങ്ങൾ. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2022-10-02 08:27:43.0

Published:

2 Oct 2022 7:44 AM GMT

കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു; വിലാപയാത്രയായി തലശ്ശേരിയിലേക്ക്
X

കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂർ എയർപോർട്ടിലെത്തിച്ചു. വിലാപയാത്രയായി തലശ്ശേരിയിലേക്ക് എത്തിക്കും. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം ആരംഭിക്കും.പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കൊണ്ടുവരാനായത്.

എയർ ആംബുലൻസിനായുള്ള നടപടികളായിരുന്നു കാരണം. രാവിലെ ഒമ്പതരയോടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു . 11.20 ഓടെ ബംഗളൂരുവിൽ നിന്ന് എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഭാര്യ വിനോദിനി , മകൻ ബിനോയ് കോടിയേരി , മരുമകൾ റനീറ്റ എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലശ്ശേരി ടൗൺഹാള്‍ വരെ വലിയ ജനക്കൂട്ടമാണ് പ്രിയനേതാവിനെ കാണാനായി റോഡരികില്‍ കാത്ത് നില്‍ക്കുന്നത്. ഈ വഴിയില്‍ 13 ഇടങ്ങളില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖ നേതാക്കളും കണ്ണൂരിലെത്തിയിട്ടുണ്ട്.

ഒരുമാസത്തിലേറെയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ നില ഇടയ്ക്ക് മെച്ചെപ്പെട്ടെങ്കിലും പിന്നീട് വഷളാവുകയായിരുന്നു.രാത്രി തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തമിഴ്നാട് ഗവർണർ ആർ. എൻ. രവി , സംവിധായകൻ പ്രിയദർശൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. പ്രിയ നേതാവിനെ യാത്രയാക്കാൻ സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉൾപെടെ നിരവധി പ്രവർത്തകരും എത്തിയിരുന്നു.

നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

TAGS :

Next Story