Quantcast

കൊളത്തൂര്‍ മൗലവി എന്‍ഡോവ്മെന്‍റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്

ഇന്ത്യയിലെ വിവിധ മതവിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും മതഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന മതപണ്ഡിതനാണ് നദ്‌വിയെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 May 2024 4:07 AM GMT

The Kolathur Mohammed Moulavi endowment will be given to Dr. Bahauddeen Muhammed Nadwi
X

മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥമുള്ള എന്‍ഡോവ്മെന്‍റ് ദാറുല്‍ ഹുദാ ഇസ്‍ലാമിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്. കൊളത്തൂര്‍ മൗലവി എജ്യുക്കേഷനല്‍ ട്രസ്റ്റ് ആണ് എന്‍ഡോവ്മെന്‍റ് നല്‍കി വരുന്നത്. ജൂണ്‍ മൂന്നിന് ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്കാരം കൈമാറും. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളും സംബന്ധിക്കും.

ദാറുല്‍ ഹുദാ വൈസ് ചാന്‍സലറായും മറ്റുമുള്ള വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ പരിഗണിച്ചാണ് നാലാം എന്‍ഡോവ്മെന്‍റ് ബഹാഉദ്ദീന്‍ നദ്‍വിക്കു നല്‍കാന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വയനാട് മുട്ടില്‍ യത്തീംഖാന സ്ഥാപകന്‍ മുഹമ്മദ് ജമാല്‍, കാപ്പാട് ഐനുല്‍ ഹുദാ യത്തീംഖാന സ്ഥാപകന്‍ പി.കെ.കെ ബാവ, മുണ്ടംപറമ്പ് അല്‍ അന്‍സാര്‍ യത്തീംഖാന സ്ഥാപകന്‍ എം.സി മുഹമ്മദ് ഹാജി എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍ഡോവ്മെന്‍റ് നല്‍കിയത്.

കാലഘട്ടം ആഗ്രഹിക്കുന്ന തരത്തില്‍ മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൗഢകേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ സംഭാവനയാണ് നദ്‍വി നല്‍കിവരുന്നത്. കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗമാണ്. സുപ്രഭാതം ദിനപത്രം, തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപര്‍, ഇസ്‍ലാമിക് ഇന്‍സൈറ്റ് ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിതസഭയില്‍ അംഗമാണ് നദ്‍വി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷന്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദാ നടപ്പാക്കുന്ന വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ദാറുല്‍ ഹുദായെ ലോകോത്തര നിലവാരമുള്ള ജ്ഞാനശാലയായി ഉയര്‍ത്തുന്നതിനു നേതൃപരമായ ഇടപെടലുകള്‍ നടത്തി.

ഇന്ത്യയിലെ വിവിധ മതവിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും മതഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന മതപണ്ഡിതന്‍ കൂടിയാണ് നദ്‌വിയെന്നും ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.എ മജീദ് എം.എല്‍.എ, കണ്‍വീനര്‍ സലീം കുരുവമ്പലം, ട്രഷറര്‍ സി.പി ഹംസ ഹാജി മജ്‌ലിസ് എന്നിവര്‍ അറിയിച്ചു.

Summary: The Kolathur Mohammed Moulavi endowment will be given to Dr. Bahauddeen Muhammed Nadwi

TAGS :

Next Story