Quantcast

കഷണ്ടിയുള്ള മാമൻ എന്ന് നേരത്തേ പറഞ്ഞു; പത്മകുമാറിനെ തിരിച്ചറിഞ്ഞ് കുട്ടി

പത്മകുമാറിന്റെ പ്രിന്റ് ചെയ്ത ചിത്രമാണ് കുട്ടി തിരിച്ചറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-12-01 15:13:30.0

Published:

1 Dec 2023 1:30 PM GMT

Kollam 6 year old recognizes one person in custody
X

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരിൽ പത്മകുമാറിനെ തിരിച്ചറിഞ്ഞ് കുട്ടി. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു. പത്മകുമാറിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് ഉടൻ കടന്നേക്കും

പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു. പത്മകുമാറിന് മാത്രമേ കേസിൽ നേരിട്ട് ബന്ധമുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. മൂവരെയും അടൂരിലെ കെ.എ.പി ക്യാംപിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു

പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളതും ഒരു ഡിസയർ കാർ ആയിരുന്നു. എന്നാൽ ആ കാർ തന്നെയാണോ ഇത് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പത്മകുമാറിന്റെ വീട്ടിലേത് ഇയാളുടെ പേരിലെടുത്തിരിക്കുന്ന കാർ തന്നെയാണ്.

പത്മകുമാറിന് കേസിൽ കൃത്യമായ പങ്കുണ്ട് എന്ന് നേരത്തേ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്തുകൊണ്ട് ഇയാൾ ഇത്തരമൊരു കൃത്യം ചെയ്തു എന്നതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്.

ചാത്തന്നൂരും പാരിപ്പള്ളിയുമടക്കം പ്രദേശത്തെ കുറിച്ച് നല്ല വിവരമുള്ളയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. കഷണ്ടിയുള്ള വ്യക്തിയാണ് വാഹനം നിയന്ത്രിച്ചിരുന്നത് എന്നായിരുന്നു കുട്ടിയുടെ മൊഴിയും. കസ്റ്റഡിയിലെടുത്തവരിൽ സ്ത്രീയുടെ ചിത്രം കുട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പത്മകുമാറിന്റെ പ്രിന്റ് ചെയ്ത ചിത്രം കുട്ടി തിരിച്ചറിയുകയായിരുന്നു.

സാമ്പത്തികമായി ഉയർന്ന നിലയിലാണ് പത്മകുമാറും കുടുംബവും. അങ്ങനെയുള്ളപ്പോൾ ഇയാളെന്തിന് പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി കുട്ടിയെ തട്ടിയെടുത്തു എന്നതാണ് പ്രധാന ചോദ്യം. പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും ചിത്രം കുട്ടി തിരിച്ചറിഞ്ഞിട്ടില്ല എന്നത് കൊണ്ടു തന്നെ സംഘത്തിൽ കൂടുതൽ ആളുകളുണ്ട് എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

പ്രധാന പ്രതി പത്മകുമാർ തന്നെയാണോ അതോ ഇയാളെക്കൊണ്ട് മറ്റാരെങ്കിലും കുറ്റം ചെയ്യിച്ചതാണോ എന്നതാണ് പരിശോധിക്കേണ്ട മറ്റൊരു കാര്യം.ചിറക്കര അമ്പലത്തിനോട് ചേർന്ന് പത്മകുമാറിനുള്ള ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തുകയാണ്. ഈ കെട്ടിടമാണോ ഇവർ ഒളിവിൽ കഴിയാനുപയോഗിച്ചത് എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.

TAGS :

Next Story