കൊല്ലം അഞ്ചലിലെ ഈ ഗ്രാമത്തിൽ നിന്ന് മനുഷ്യർ ഒഴിഞ്ഞുപോകുന്നു; കാരണമിതാണ്...
80 വീട്ടുകാരുണ്ടായിരുന്നയിടത്ത് അവശേഷിക്കുന്നത് അഞ്ച് കുടുംബങ്ങൾ
കൊല്ലം: അഞ്ചലിലെ ഒരു ഗ്രാമം അധികം വൈകാതെ മനുഷ്യവാസം ഇല്ലാതായി മാറും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ആളുകളെ ഇവിടെ നിന്നും അകറ്റുന്നത്. 80 ഓളം താമസക്കാർ ഉണ്ടായിരുന്ന ചെങ്കുളത്ത് അവശേഷിക്കുന്നത് പത്തിൽ താഴെ മാത്രം. ഗ്രാമവാസികളുടെ പ്രശ്‌നങ്ങളെ പുറംലോകത്ത് എത്തിക്കുകയാണ് മീഡിയവൺ.
ഏരൂർ ഗ്രാമപഞ്ചായത്തിലെ ആയിരനല്ലൂർ വാർഡിൽ പെടുന്നതാണ് ചെങ്കുളം. വർഷങ്ങൾക്ക് മുൻപ് 80ൽ അധികവും, രണ്ടുവർഷം മുമ്പ് 10 കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോഴത് ചുരുങ്ങി അഞ്ചു കുടുംബങ്ങൾ മാത്രമായി. പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴിയുടെ അപര്യാപ്തതയാണ് പ്രധാന പ്രശ്‌നം. കിടപ്പുരോഗികളും പ്രായമായവരും ദൈനംദിന കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ആർപിഎൽ റബ്ബർ പ്ലാന്റേഷനിലൂടെ ഉള്ള മണ്ണിട്ട റോഡാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ചെറിയൊരു മഴപെയ്താൽ ചെളിക്കെട്ടായി അപകടം പതിയിരിക്കുന്നു. പ്രായമായ മാതാപിതാക്കളെ ഇവിടെ വിട്ട് പലരും വാടകവീടുകൾ തേടി നഗരത്തിലേക്ക് പോയി. ഇവർക്ക് മുന്നിൽ അവശേഷിക്കുന്നത് രണ്ടു വഴികളാണ്. ജീവിതാവസാനം വരെ ബുദ്ധിമുട്ടി ഇവിടെ കഴിയുക അല്ലെങ്കിൽ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോവുക.
Adjust Story Font
16