Quantcast

മരണാസന്നനായാൽ എന്തുവേണമെന്ന് സ്വയം തീരുമാനിക്കാം; ലിവിങ് വില്ലുമായി പാരിപ്പള്ളി മെഡിക്കൽ കോളേജ്

മരണാസന്നനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ ചികിത്സ എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി രേഖപ്പെടുത്തുന്ന ഒരു സാക്ഷ്യപത്രമാണ് ലിവിങ് വിൽ

MediaOne Logo

Web Desk

  • Published:

    18 Dec 2024 8:19 AM GMT

മരണാസന്നനായാൽ എന്തുവേണമെന്ന് സ്വയം തീരുമാനിക്കാം; ലിവിങ് വില്ലുമായി പാരിപ്പള്ളി മെഡിക്കൽ കോളേജ്
X

കൊല്ലം: ലിവിങ് വില്ലെന്ന ആശയം സംസ്ഥാനത്ത് നടപ്പിലാക്കി കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ്. ഇതിനോടകം നിരവധിയാളുകളാണ് മരണതാൽപര്യപത്രത്തിന്റെ ഭാഗമായത്.

മരണാസന്നനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ ചികിത്സ എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി രേഖപ്പെടുത്തുന്ന ഒരു സാക്ഷ്യപത്രമാണ് ലിവിങ് വിൽ. മരണശേഷം മൃതദേഹം എന്ത് ചെയ്യണമെന്നതടക്കം സ്വയം തീരുമാനിക്കാം. മെഡിക്കൽ കോളേജിൽ നിലവിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പാലിയേറ്റിവ് കെയറിന്റെ ഭാഗാമായാണ് ലിവിങ് വിൽ എന്ന ആശയം ഉയർന്നുവന്നതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ പറഞ്ഞു.

ഇന്ത്യയിൽ പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിൽ പ്രാവർത്തികമാക്കുന്നത് ഇതാദ്യമാണ്. മരണതാൽപര്യ പത്രത്തിന് കൃത്യമായ മാർഗനിർദേശങ്ങളും പ്രവർത്തന രീതികളുമുണ്ട്.

അഡ്വാൻസ്‌ഡ് മെഡിക്കൽ ഡയറക്റ്റീവ് എന്ന രേഖയിൽ നേരത്തെ തന്നെ കാര്യങ്ങൾ എഴുതിവെക്കണം. മരണാസന്നനായാലോ ശാരീരികമായി തളർന്ന അവസ്ഥയിലോ തന്റെ ചികിത്സ എങ്ങനെയായിരിക്കണം, വെന്റിലേറ്റർ സപ്പോർട്ട് അടക്കമുള്ള ആവശ്യങ്ങൾ നൽകേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ അടക്കം വിശദമായി ഇതിൽ രേഖപ്പെടുത്തി വെക്കാവുന്നതാണ്. എന്നാൽ, ഈ ഒരു അവസ്ഥയിലുള്ള ആളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് ഡോക്‌ടർക്ക് ബോധ്യപ്പെടുകയാണെങ്കിൽ എതിർക്കാനുള്ള അവകാശം വ്യക്തിയുടെ ബന്ധുക്കൾക്കും ഡോക്‌ടർക്കും ഉണ്ട്.

ലിവിങ് വിൽ എഴുതിക്കഴിഞ്ഞാൽ അടുത്ത ഒരു ബന്ധുവിനെ കൊണ്ട് ഇത് സാക്ഷ്യപ്പെടുത്തണം. ഒപ്പം മറ്റ് രണ്ട് സാക്ഷികൾ കൂടി ഇതിൽ ഒപ്പുവെക്കണം. തുടർന്ന് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശേഷം ഒരു കോപ്പി നമ്മൾ സൂക്ഷിക്കുകയും മറ്റൊന്ന് പഞ്ചായത്തിൽ ഏൽപിക്കുക. ലിവിങ് വില ഡോക്യുമെന്റ് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും ഡോ. ബി പത്മകുമാർ പറഞ്ഞു.

TAGS :

Next Story