Quantcast

വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി; കോന്നി അപകടം അനുവും നിഖിലും മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞു മടങ്ങുമ്പോൾ

നവംബര്‍ 30-നായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം

MediaOne Logo

Web Desk

  • Updated:

    2024-12-15 05:38:44.0

Published:

15 Dec 2024 2:54 AM GMT

Konni accident
X

കോന്നി: നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്. വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയായിരുന്നു ശബരിമല തീർഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്.‌ അതിൽ ആ നാല് ‍ജീവനും പൊലിഞ്ഞു.

നവംബര്‍ 30-നായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. കാർ ദിശതെറ്റി എത്തി ബസിൽ ഇടിച്ചു കയറിയതായാണ് ദൃസാക്ഷികൾ പറയുന്നത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയതായാണ് സംശയം. പുലർച്ചെ നാല് മണിയോടുകൂടിയായിരുന്നു അപകടം.

ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലർക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടി പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. അനു ഒഴികെ മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അനുവിൻ്റെ മരണം കോന്നി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു.

TAGS :

Next Story