കൂടത്തായ് കേസ്; ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി
കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങൾ മൊഴി നൽകി
ജോളി ജോസഫ്
കോഴിക്കോട്: കൂടത്തായ് കേസിൽ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങൾ മൊഴി നൽകി . എന്‍.ഐ.ടിയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിന്‍റെ കയ്യിൽ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും ഇവർ മൊഴിനൽകി.
കൂടത്തായ് റോയ് വധക്കേസിലാണ് ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാരുടെ നിർണായക മൊഴി . കുടുംബകല്ലറകൾ തുറന്ന സമയത്ത് കൊലപാതകങ്ങൾ നടത്തിയെന്ന് ജോളി തങ്ങളോട് പറഞ്ഞെന്ന് സഹോദരന്മാരായ ബാബു ജോസഫും ടോമി ജോസഫും മൊഴി നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് ജോളി പറഞ്ഞ കാര്യങ്ങൾ ഇരുവരും വിശദീകരിച്ചു. റോയ് തോമസിന്‍റെ പിതാവ് ടോം തോമസിന്‍റെ പേരിൽ തയ്യാറാക്കിയ ഒസ്യത്തിന്‍റെ പകർപ്പ് ജോളി തന്നെ ഏൽപ്പിച്ചിരുന്നെന്ന് ബാബു ജോസഫ് പറഞ്ഞു. റോയ് തോമസിന്‍റെ സംസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒസ്യത്ത് ഭദ്രമായി സൂക്ഷിക്കാൻ പറഞ്ഞ് ജോളി ഏൽപ്പിച്ചത്. ഇത് വ്യാജ ഒസ്യത്താണെന്ന് പിന്നീട് മനസ്സിലായി. എന്‍.ഐ.ടിയിൽ ജോലി കിട്ടിയെന്നും അതിന്‍റെ ആവശ്യത്തിനെന്നും പറഞ്ഞ് പിതാവിനോട് ജോളി രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നു. ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും സഹോദരന്മാർ മൊഴി നൽകി.
എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണിക്കൃഷ്ണന്‍റെ വിസ്താരത്തിലാണ് ഇരുവരും മൊഴി നൽകിയത്. സ്വത്ത് തട്ടിയെടുക്കാൻ സഹോദരിയ്ക്കെതിരെ മൊഴി നൽകുന്നതല്ലേ എന്ന് എം.എസ് മാത്യുവിന്‍റെ അഭിഭാഷകൻ ഷഹീർ സിംഗ് ചോദിച്ചു. എന്നാൽ കുടുംബസ്വത്ത് ഭാഗം വെച്ച് കഴിഞ്ഞതാണെന്നായിരുന്നു ഇരുവരുടെയും മൊഴി. സഹോദരിയോട് ഇപ്പോഴും സ്നേഹമുണ്ടെന്നും ജയിലിൽ നിന്ന് ജോളി വിളിക്കാറുണ്ടെന്നും ജയിലിലേക്ക് പണം അയക്കാറുണ്ടെന്നും ടോമി ജോസഫ് പറഞ്ഞു. ജോളിയുടെ അഭിഭാഷകൻ ബിഎ ആളൂർ ഇന്നും സാക്ഷികളെ വിസ്തരിച്ചില്ല. ഇൻകാമറ നടപടിക്കെതിരെ അഡ്വ. ബി.എ ആളൂർ നൽകിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Adjust Story Font
16