കൂടത്തായ് റോയ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും
കേസിലെ ഒന്നാം സാക്ഷി റെഞ്ചി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക
ജോളി ജോസഫ്
കോഴിക്കോട്: കൂടത്തായ് പൊന്നാമറ്റം റോയ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും . കേസിലെ ഒന്നാം സാക്ഷി റെഞ്ചി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക. റോയ് തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്.
2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സയനൈഡ് സാന്നിധ്യം കണ്ടെത്തിയിട്ടും കോടഞ്ചേരി പൊലീസ് കേസ് ആത്മഹത്യയായി എഴുതിത്തള്ളി. 2019ൽ വടകര എസ്.പി കെ.ജി സൈമണ്‍ റോയ് തോമസിന്‍റെ സഹോദരൻ റോജോ തോമസ് നൽകിയ ഒരു പരാതിയാണ് പിന്നീട് കൂടത്തായിൽ നടന്നത് കൂട്ടക്കൊലകളാണ് എന്ന കണ്ടെത്തലിലേക്ക് നയിക്കുന്നത്. റോയ് തോമസിന്റെ മുൻഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്ന പരാതിയിൽ സ്പെഷൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം കൂടത്തായിയിലെ പൊന്നാമറ്റം എന്ന കുടുംബത്തിൽ മുമ്പ് നടന്ന ദുരൂഹ മരണങ്ങളിലേക്കെത്തി.
തുടർന്ന് റോയ് തോമസിന്‍റെ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന് കൈമാറി. ആറു കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഒന്നാം പ്രതി ജോളിയെ 2019 ഒക്ടോബർ അഞ്ചിനും ജോളിയെ സഹായിച്ച മറ്റ് മൂന്നു പ്രതികളായ എം എസ് മാത്യു , പ്രജുകുമാർ , മനോജ് എന്നിവരെ തൊട്ടടുത്തദിവസങ്ങളിലും അറസ്റ്റു ചെയ്തു.
ആറ് കൊലപാതക കേസുകളിലെ ആദ്യ കേസിന്‍റെ വിസ്താരമാണ് ഇന്നാരംഭിക്കുന്നത് . ആദ്യ ദിവസം റോയ് തോമസിന്‍റെ സഹോദരി റെഞ്ചി തോമസും അടുത്ത ദിവസങ്ങളിൽ സഹോദരൻ, മക്കൾ എന്നിവരെയും വിസ്തരിക്കും. ഒന്നാം പ്രതിയുടെ മക്കളും സഹോദരങ്ങളും പിതാവും രണ്ടാം ഭർത്താവും ഉൾപ്പെടെ 255 സാക്ഷികളാണ് പ്രോസിക്യൂഷന്‍റെ പട്ടികയിൽ ഉള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രൊസിക്യൂട്ടർ എന്‍.കെ ഉണ്ണികൃഷ്ണനും അഡീഷണൽ പ്രൊസിക്യൂട്ടർ ഇ.സുഭാഷും ഒന്നാം പ്രതിക്കു വേണ്ടി ബി.എ ആളൂരും രണ്ടാം പ്രതിക്കു വേണ്ടി ഷഹീർ സിംഗും ഹാജരാവും.
Adjust Story Font
16