കോതമംഗലത്ത് സ്‌കൂളിൽ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാം പ്രതി സാജു കീഴടങ്ങി
- ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു
കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്‌കൂളിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി സാജു കോതമംഗലം കോടതിയിൽ കീഴടങ്ങി. സാജുവിന് കോടതി ജാമ്യം അനുവദിച്ചു. നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിലെ ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ഓഫീസിൽ കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്‌കൂൾ സെക്യൂരിറ്റി തന്നെ കഞ്ചാവ് വിൽപ്പന നടത്തുന്നതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചത്. ഇതോടെ രാത്രിയോടെ പരിശോധനയ്ക്ക് വേണ്ടി എക്‌സൈസ് സംഘം സ്‌കൂൾ കോമ്പൗണ്ടിൽ എത്തി. സ്‌കൂൾ കോമ്പൗണ്ടിൽ കണ്ടവരെ ചോദ്യം ചെയ്തതോടെയാണ് സെക്യൂരിറ്റി ജീവനക്കാരൻറെ മുറി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടെന്നത് വ്യക്തമായത്. തുടർന്ന് സാജുവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നെല്ലിക്കുഴി സ്വദേശി യാസീനാണ് സ്‌കൂളിലെ കഞ്ചാവ് ഇടപാടിൻറെ മുഖ്യ ഇടനിലക്കാരനെന്നാണ് വിവരം.
പത്തുവർഷമായി ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനായ സജിയുടെ റൂം മാനേജ്‌മെൻറ് പരിശോധിച്ചിട്ടില്ലന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. വൃത്തിഹീനമായ റൂമിൽ പത്ത് വർഷമായി താമസിക്കുന്ന റൂമിൽ മദ്യകുപ്പികളും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിരുന്നു. സ്‌കൂളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് സ്‌കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16