കോതിയിൽ വീണ്ടും സംഘർഷം; മാലിന്യ പ്ലാന്റ് നിർമാണം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി
പദ്ധതി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും ടി. സിദ്ദിഖ് എം.എൽ.എ അറിയിച്ചു
കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. നിർമാണം തടയാനെത്തിയവരെ പൊലീസ് തടഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു.
ശുചിമുറി മാലിന്യ പ്ലാന്റിന്റെ അതിര് കെട്ടുന്ന പ്രവൃത്തിയാണ് ഇന്നു വീണ്ടും തുടങ്ങിയത്. ഇതിനിടെയാണ് നാട്ടുകാർ പ്രതിഷേധം വീണ്ടും ആരംഭിച്ചത്. ഇതിനിടെ ടി. സിദ്ദിഖ് എം.എൽ.എ സമരക്കാരുമായി ചർച്ച നടത്തി. ഇതിനു പിന്നാലെ പ്ലാന്റ് നിർമാണം തടയുമെന്ന് പറഞ്ഞ് നാട്ടുകാർ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് കടന്നു. ഇവരെ പൊലീസ് തടയാൻ ശ്രമിച്ചു. കോംപൗണ്ടിൽനിന്ന് സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. പൊലീസ് ക്രൂരമായി മർദിച്ചതായും ആരോപണമുണ്ട്.
ജനസാന്ദ്രതയേറിയ പ്രദേശത്തു തന്നെ ഈ പദ്ധതി കൊണ്ടുവരാനുള്ള ദുർവാശി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ കുറ്റപ്പെടുത്തി. ഇത് നടക്കുന്ന കാര്യമല്ല. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം വീണ്ടും ഉന്നയിക്കുമെന്നും സിദ്ദിഖ് അറിയിച്ചു.
പദ്ധതിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഇന്ന് കോർപറേഷൻ നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചത്. ഇതിനെതിരെ ഇന്നലെ കോതി പ്രദേശവാസികൾ ഹർത്താൽ ആചരിച്ചിരുന്നു. കോർപറേഷനിലെ മുഖദാർ, കുറ്റിച്ചിറ, ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമിക്കാനുള്ള കോർപറേഷൻ നീക്കത്തിനെതിരെ ഇന്നലെ ശക്തമായ പ്രതിഷേധമാണ് നടന്നത്. 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പദ്ധതിയിൽനിന്ന് പിന്മാറില്ലെന്നാണ് കോർപറേഷൻ നിലപാട്.
Summary: Protest restarts in Kothi, Kozhikode, as the sewage treatment plant construction resumes
Adjust Story Font
16