കോട്ടയത്തെ വീട്ടിലുണ്ടായ സംഘർഷത്തില്‍ ദുരൂഹതയുടെ ചുരുളഴിയുന്നു: ഹണി ട്രാപ്പ് കേന്ദ്രമെന്ന് സൂചന
രക്ഷപ്പെട്ട യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പിലേക്കുള്ള ചില സൂചനകള്‍ ലഭിച്ചത്
കോട്ടയത്ത് വീട്ടില്‍ കയറി രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് ഹണി ട്രാപ്പുമായി ബന്ധമുണ്ടെന്ന് സൂചന. അക്രമം നടന്ന വീട്ടില്‍ അനാശാസ്യം നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അക്രമത്തില്‍ പരിക്കേറ്റവരുടേയും രക്ഷപ്പെട്ടവരുടേയും ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനാശാസ്യം നടത്തിയതായുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റവരും രക്ഷപ്പെട്ടവരും പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ സാഹചര്യത്തിലാണ് പൊലീസ് ഇവരെ വിശദമായി ചോദ്യംചെയ്തത്. കൂടാതെ ഇവരുടെ ഫോണുകള്‍ പരിശോധിക്കുകയും കൂടി ചെയ്തതോടെ സംഭവത്തിന്റെ ചുരുളയിയുകയായിരുന്നു. അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന വീടാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവിടെയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
രക്ഷപ്പെട്ട യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പിലേക്കുള്ള ചില സൂചനകള്‍ ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളടക്കം ഈ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചെന്നും വിവരമുണ്ട്. പരിക്കേറ്റ അമീർ ഖാൻ, സാൻ ജോസഫ്, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി എന്നിവർ ചേർന്നാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നതെന്നാണ് വിവരം. ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടിന്റെ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള ക്വട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോട്ടയത്ത് വിവിധ കേന്ദ്രങ്ങളിൽ ഇവർക്ക് താവളങ്ങൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമമുണ്ടായതിന് തൊട്ടുമുൻപ് സ്ഥലത്തെത്തിയ ഇന്നോവ കാർ ഉടമയെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്. വൈകാതെ സംഭവത്തിന്റെ പൂർണ വിവരം പുറത്തു വരുമെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16