Quantcast

ലൈംഗിക അതിക്രമ പരാതി; കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ഇന്ന് സ്ഥാനമൊഴിയും

എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രാജി എന്നാണ് ചെയർമാൻ കോട്ടയിൽ രാജുവിന്‍റെ വാദം

MediaOne Logo

Web Desk

  • Published:

    28 Nov 2024 1:23 AM GMT

Kottayil Raju
X

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ഇന്ന് സ്ഥാനമൊഴിയും. കരാർ തൊഴിലാളിയുടെ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ സ്ഥാനം രാജിവയ്ക്കാൻ സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചിരുന്നു. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രാജി എന്നാണ് ചെയർമാൻ കോട്ടയിൽ രാജുവിന്‍റെ വാദം.

ഒരുമാസം മുൻപാണ് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കോട്ടയിൽ രാജുവിനെതിരെ ജീവനക്കാരി പീഡന പരാതി നൽകിയത്. പൊലീസ് പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തതിന് പിന്നാലെ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടായി. പ്രതിപക്ഷത്തിനൊപ്പം മുന്നണിക്കുള്ളിലും രാജി ആവശ്യം ശക്തമായി. ജില്ലാ സെക്രട്ടറിയേറ്റ് കോട്ടയിൽ രാജു ഉടൻ സ്ഥാനമൊഴിയണമെന്ന് നിർദേശിച്ചു. തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്ന് രാജുവും എട്ട് കൗൺസിലർമാരും വിട്ടു നിന്നു. നവംബർ 20ന് സ്ഥാനമൊഴിയണമെന്ന് പാർട്ടി അന്ത്യ ശാസനം നൽകി.

ഫയലുകൾ തീർപ്പാക്കാൻ സാവകാശം വേണമെന്ന രീതിയിൽ എട്ടു ദിവസം കൂടി നീണ്ടു എന്നാൽ പാർട്ടി വീണ്ടും ഇടപെട്ടതോടെ ആണ് സ്ഥാനം രാജി വയ്ക്കുന്നത്. മുന്നണി ധാരണ പ്രകാരം സിപിഐക്ക് ചെയർമാൻ സ്ഥാനം നൽകാനാണ് രാജി എന്നാണ് കോട്ടയിൽ രാജുവിന്റെ വാദം. എന്നാൽ മുൻധാരണ പ്രകാരം ഡിസംബർ 24ന് സ്ഥാനം ഒഴിഞ്ഞാൽ മതി. അടുത്ത ഒരു വർഷം സിപിഐ ചെയർമാൻ സ്ഥാനവും സിപിഎം വൈസ് ചെയർപേഴ്സൺ സ്ഥാനവും വഹിക്കും.

ലോക്കൽ സമ്മേളനങ്ങൾ പോലും നടത്താൻ കഴിയാത്ത വിധത്തിൽ കരുനാഗപ്പള്ളി സിപിഎമ്മിൽ വിഭാഗീയതയും രൂക്ഷമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗവും തമ്മിൽ കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന ശക്തമായ വിഭാഗീയത നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു.



TAGS :

Next Story