കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് 6ന് അവസാനിക്കും
എതിരാളികളോട് മാത്രമല്ല സമയത്തോടും സ്ഥാനാർത്ഥികള്‍ മത്സരിക്കുന്ന മണിക്കൂറുകളാണിനി
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. എതിരാളികളോട് മാത്രമല്ല സമയത്തോടും സ്ഥാനാർത്ഥികള്‍ മത്സരിക്കുന്ന മണിക്കൂറുകളാണിനി..അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ എവിടെ നോക്കിയാലും രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്ത് ഓഫീസുകള്‍ കാണാം.ഗവേഷക വിദ്യാർത്ഥികള്‍ പുസ്തകം നോക്കുന്നതിനേക്കാള്‍ ഗൗരവത്തില്‍ വോട്ടർ പട്ടിക തലനാരിഴ കീറി പരിശോധിച്ച് കൂട്ടിയും കിഴിക്കലും നടത്തുന്ന പ്രദേശിക നേതാക്കന്‍മാരെ കാണാം.ആടി നില്‍ക്കുന്ന വോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടി വീട് വീടാന്തരം കയറുന്ന യുവനേതാക്കളെ കാണാം. ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ കൊട്ടിയിറക്കമാണ്.
ആരാണ് പരസ്യ പ്രചരണരംഗത്ത് മുന്നിലുണ്ടായിരുന്നത് എന്ന് തെളിയിക്കാനുള്ള അവസാന അവസരമാണ് കൊട്ടിക്കലാശം...അതിനാല്‍ തൃശ്ശൂർ പൂരത്തേക്കാള്‍ ആവേശം കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലുമുണ്ടാകും.ആനച്ചന്തത്തില്‍ സ്ഥാനാർത്ഥികള്‍ ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങളിലേക്ക് ഇറങ്ങി വരും. അത് അണികളെ ത്രസിപ്പിക്കും. അവർ ചങ്ക് പൊട്ടി മുദ്രാവാക്യം വിളിക്കും. കൊടികള്‍ വാനോളമുയർത്തും. ഉച്ചഭാഷിണികളില്‍ നിന്നും കാതടപ്പിക്കുന്ന ആരവങ്ങള്‍ മുഴങ്ങും. അങ്ങനെ കത്തിയാളുന്ന ചൂടില്‍ അണികള്‍ നാടെങ്ങും ആഘോഷ പെരുമഴ തീർക്കും. ഘടികാരത്തില്‍ ആറ് മണി മുഴങ്ങുന്നതോടെ കൊട്ടിക്കയറിയ വികാരവും അലതല്ലിയ ആവേശവും ഒറ്റ നിമിഷം കൊണ്ട് നിശ്ശ്ബദതയിലേക്ക്...
Adjust Story Font
16