'ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി'; കൊയിലാണ്ടിയിൽ 12കാരന്റെ മരണത്തിൽ ദുരൂഹത, പിതൃസഹോദരി അറസ്റ്റിൽ
കുട്ടിയുടെ മാതാവിനെ ലക്ഷ്യമിട്ടായിരുന്നു കൊലപാതകശ്രമമെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് മാതാവും സഹോദരങ്ങളും വീടിനു പുറത്തായതിനാൽ ഇവർ രക്ഷപ്പെട്ടു
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ ദുരൂഹത. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഹസൻ റിഫായി(12)യുടെ മരണമാണ് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പിതൃസഹോദരിയെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് 12കാരൻ ഐസ്‌ക്രീം കഴിച്ചത്. ഇതിനു പിന്നാലെ ശക്തമായ ഛർദിയെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു കുട്ടിയുടെ ശരീരത്തിൽ കടന്നതായി കണ്ടെത്തി. ഇത് ഐസ്‌ക്രീമിലൂടെ അകത്തെത്തിയതെന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഐസ്‌ക്രീം വാങ്ങിയ കടയിൽ പരിശോധന നടത്തിയിരുന്നു.
സംഭവം കൊലപാതകമാണെന്ന് സംശയമുയർന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് ബന്ധുക്കളെ ചോദ്യംചെയ്തതിൽനിന്നാണ് ഭർതൃസഹോദരിയെ അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തിയ ശേഷമാണ് കുട്ടിക്കു നൽകിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാവിനെ ലക്ഷ്യമിട്ടായിരുന്നു ഐസ്‌ക്രീമിൽ വിഷം കലർത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
എന്നാൽ, സംഭവസമയത്ത് മാതാവും സഹോദരങ്ങളും വീടിനു പുറത്തായതിനാൽ ഇവർ രക്ഷപ്പെട്ടു. കൊലയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുട്ടിയുടെ മാതാവുമായി ഇവർക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
Summary: Paternal sister has been arrested in the mysterious death of 12-year-old son of Arikulam Koroth Muhammadali, Muhammad Hasan Rifai, after eating ice cream in Arikkulam, Koyilandy, Kozhikode
Adjust Story Font
16