'ബ്രേക്കപ്പായതു കൊണ്ട് കൈയിൽ വരച്ചു എന്ന് നുണ പറഞ്ഞു, ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി എത്തിച്ചിരുന്നത്'; ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ
"ഒരിക്കൽ ബാംഗ്ലൂരിൽ പോയപ്പോൾ വരെ സംഘം മയക്കുമരുന്ന് എത്തിച്ചു. ഇൻസ്റ്റയിൽ അവർക്ക് മെസ്സേജ് അയച്ചപ്പോൾ ബാംഗ്ലൂരിൽ ആളുണ്ടെന്നാണ് പറഞ്ഞത്."
കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെ ലഹരി വിൽപ്പന സജീവമാണെന്ന് വെളിപ്പെടുത്തൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് മാഫിയയുടെ പ്രവർത്തനമെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പതാം ക്ലാസുകാരി മീഡിയവണിനോട് പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പഠിച്ചിറങ്ങിയ കുട്ടികളായിരുന്നു തന്റെ ഉപഭോക്താക്കളെന്നും കുട്ടി വെളിപ്പെടുത്തി.
'ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി സംഘത്തെ പരിചയപ്പെട്ടത്. ആദ്യം അവർ സൗജന്യമായി തന്നു. പിന്നീട് കാരിയറാകുമോ ചോദിച്ചു. ലഹരി വാങ്ങാൻ പൈസയില്ലാഞ്ഞതു കൊണ്ട് ആകാമെന്ന് പറഞ്ഞു. സ്‌കൂളിൽ നിന്ന് പഠിച്ചു പോയ ആൾക്കാർക്കായിരുന്നു വിതരണം. സ്‌കൂൾ വിട്ട ശേഷം താഴത്തു വച്ചാണ് അവരെ കാണുന്നത്. സംഘം കൈമാറുന്ന ഫോട്ടോ വഴിയാണ് ആളുകളെ തിരിച്ചറിയുന്നത്. ഇപ്പോൾ മൂന്നു വർഷമായി.' - കുട്ടി കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗത്തിനായി കൈയിൽ വരച്ചതോടെയാണ് പിടിക്കപ്പെട്ടതെന്ന് കുട്ടി പറയുന്നു. 'ലഹരിക്കു വേണ്ടിയാണ് കൈയിൽ വരച്ചത്. ബ്രേക്കപ്പായതു കൊണ്ട് കൈയിൽ വരച്ചു എന്നാണ് എല്ലാവരോടും പറഞ്ഞത്. എല്ലാവരും പിന്നാലെ നടന്ന് കണ്ടുപിടിക്കുകയായിരുന്നു. ഇതോടെ ഞാൻ തുറന്നു പറഞ്ഞു. വീട്ടിൽ ഇരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അപ്പോൾ പുറത്തിറങ്ങും. ഒരിക്കൽ ബാംഗ്ലൂരിൽ പോയപ്പോൾ വരെ സംഘം മയക്കുമരുന്ന് എത്തിച്ചു. ഇൻസ്റ്റയിൽ അവർക്ക് മെസ്സേജ് അയച്ചപ്പോൾ ബാംഗ്ലൂരിൽ ആളുണ്ടെന്നാണ് പറഞ്ഞത്. സ്‌കൂളിൽ കൗൺസലിങ് എല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ ചെക്കിങ് ഉണ്ടെങ്കിലും അതിനെ മറികടക്കും.' - കുട്ടി വ്യക്തമാക്കി.
മറ്റു കുട്ടികൾ ലഹരിയുടെ കെണിയിൽ വീഴാതിരിക്കണം എന്നതു കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. പൊലീസിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുട്ടി കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർക്ക് പെൺകുട്ടിയും കുടുംബവും പരാതി നൽകിയിട്ടുണ്ട്. മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി. കമ്മിഷണർ കെ സുദർനൻ പറഞ്ഞു.
Adjust Story Font
16