Quantcast

നോളജ് സിറ്റിക്കെതിരായ പ്രചാരണങ്ങൾക്കു പിന്നിൽ കോഴിക്കോട് കേന്ദ്രമായുള്ള മാഫിയാസംഘം-ഹകീം അസ്ഹരി

നോളജ് സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വന്നിട്ടുണ്ട്. ഒരുപാട് മന്ത്രിമാർ വന്നിട്ടുണ്ട്. ഇവിടെ നടക്കുന്ന രാജ്യനിർമാണ പ്രവൃത്തി കാണാനും അതിൽ പങ്കുചേരാനുമാണ് അവരെല്ലാം വന്നത്-അബ്ദുൽ ഹകീം അസ്ഹരി

MediaOne Logo

Web Desk

  • Updated:

    2022-01-21 16:22:04.0

Published:

21 Jan 2022 4:16 PM GMT

നോളജ് സിറ്റിക്കെതിരായ പ്രചാരണങ്ങൾക്കു പിന്നിൽ കോഴിക്കോട് കേന്ദ്രമായുള്ള മാഫിയാസംഘം-ഹകീം അസ്ഹരി
X

താമരശ്ശേരിയിലെ മർകസ് നോളജ് സിറ്റിയിൽ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് മാനേജിങ് ഡയരക്ടർ അബ്ദുൽ ഹകീം അസ്ഹരി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്ഥാപനത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റി പലകകൾ താഴേക്കു വീഴുക മാത്രമാണുണ്ടായതെന്നും അതാണ് വലിയ അപകടമായി ചിത്രീകരിച്ചതെന്നും അദ്ദേഹം ഔദ്യോഗിക യൂടൂബ് ചാനലിൽ പങ്കുവച്ച വിശദീകരണത്തിൽ പറഞ്ഞു.

ഇവിടെ ചില മാഫിയ സംഘങ്ങളുണ്ട്. ജനങ്ങളിൽനിന്ന് പണം പിടുങ്ങാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് അവർ. കോഴിക്കോട് കേന്ദ്രീകരിച്ചു നടക്കുന്ന മാഫിയ സംഘമാണവർ. കോട്ടക്കലും ബംഗളൂരുവിലുമുള്ള ഇൻവെസ്റ്റേഴ്‌സുണ്ട് അവർക്ക്. അവർ ജന്മിത്ത വ്യവസ്ഥയുള്ള കാലത്തെ കുടുംബങ്ങളിലുള്ളവരെ വലവീശി എല്ലാവരിൽനിന്നും ആയിരം രൂപ വീതം പോക്കറ്റിലാക്കി. എന്നിട്ട് നിങ്ങളുടെ അപ്പൂപ്പന്റെ കാലത്തുള്ള ഭൂമിയാണിതെന്നും അതു തിരിച്ചുകിട്ടുമെന്നും കോടികൾ കിട്ടുമെന്നും പറഞ്ഞു. ഈ ഗുണ്ടാപ്രവർത്തനത്തിനു വേണ്ടി ആളുകളിൽനിന്ന് ഇൻവെസ്റ്റ്‌മെന്റ് വാങ്ങും. ഈ മോഹവലയത്തിൽ ആളുകൾ കൊണ്ടുപോയി ഇൻവെസ്റ്റ് ചെയ്യും. ഈ പണം വച്ച് ഉദ്യോഗസ്ഥന്മാരെ വലവീശാൻ നടക്കും. പത്രമാധ്യമങ്ങളെയും ചാനലുകളെയും വലയിൽപെടുത്താൻ ശ്രമിക്കും. ഇതൊന്നും ഫലിക്കാത്തതുകൊണ്ട് സങ്കടപ്പെട്ട് ഭ്രാന്ത് പിടിച്ച പട്ടിയെപ്പോലെ ഓടിനടക്കുകയാണ് അവരെന്നും അസ്ഹരി വിമർശിച്ചു.

ഒരു അപകടമുണ്ടായപ്പോൾ ആ തൂണു വീഴാൻ കാരണം ലൈസൻസ് ഇല്ലാത്തതാണെന്നാണ് പറയുന്നത്. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റിയിട്ട് അതിന്റെ പലകകൾ താഴേക്കു വീഴുകയാണുണ്ടായത്. അതിന് ബഹുനില കെട്ടിടം വീണു. നോളജ് സിറ്റി തകർന്നടിഞ്ഞു എന്നൊക്കെയാണ് പറഞ്ഞത്. സ്വന്തം ആഗ്രഹം പറയുകയായിരുന്നു അവർ. ചെറിയൊരു അപകടമുണ്ടായ സമയത്ത് എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ചിലയാളുകൾ അതിനിടയിൽ കത്തിയെരിയുന്ന ചേവിൽനിന്ന് തീപിടിച്ച കൊപ്രയെടുത്ത് തൊള്ളയിലാക്കാൻ ശ്രമിക്കുന്ന വ്യഗ്രതയിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആ സമയത്ത് തുഷാരഗിരിയിലെ വനനുള്ളിൽനിന്ന് ഓടിയെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് പത്രക്കാർ ചോദിക്കുന്നത് ഇതിന് അംഗീകാരമുണ്ടോ എന്നാണ്. അദ്ദേഹം നിരത്തിപ്പറഞ്ഞ കാര്യങ്ങളിൽനിന്ന് പെർമിഷനില്ല എന്നു പറഞ്ഞ വാക്കുമാത്രം കട്ടെടുത്ത് പ്രസിദ്ധീകരിച്ചു. അത് ഒരുപാടാളുകളെ വിഷമിപ്പിച്ചു. ഉദ്യോഗസ്ഥന്മാർ അത് അന്വേഷിച്ച് പലഭാഗത്തുനിന്ന് വരേണ്ടിവന്നു. വന്നുപരിശോധിച്ചുപോകുമ്പോൾ അവർ പറഞ്ഞത്, ആ പ്രസ്താവന കണ്ടതുകൊണ്ടു മാത്രമാണ് വന്നതെന്നാണ്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വന്നിട്ടുണ്ട്. ഒരുപാട് മന്ത്രിമാർ വന്നിട്ടുണ്ട്. മണ്ഡലം എംപി രാഹുൽ ഗാന്ധി വന്നിട്ടുണ്ട്. മെത്രാന്മാരും ബിഷപ്പുമാരും മഠാധിപതിമാരും വന്നിട്ടുണ്ട്. ഇവിടെ നടക്കുന്ന രാജ്യനിർമാണ പ്രവൃത്തി കാണാനും അതിൽ പങ്കുചേരാനുമാണ് ഇവരെല്ലാം വന്നത്-അബ്ദുൽ ഹകീം അസ്ഹരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മർക്കസ് നോളജ് സിറ്റിയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് 15 പേർക്ക് പരിക്കേറ്റത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

Summary: Kozhikode based mafia gang behind the campaigns against Markaz Knowledge City, Says Abdul Hakeem Azhari

TAGS :

Next Story