കോഴിക്കോട് കോർപറേഷൻ ഫണ്ട് തട്ടിപ്പ്; മുൻ ബാങ്ക് മാനേജർ റിജിലിനായി ലുക്ക് ഔട്ട് നോട്ടീസ്
റിജിൽ രാജ്യം വിടുന്നത് തടയാനാണ് ക്രൈം ബ്രാഞ്ച് നടപടി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ഫണ്ട് തട്ടിച്ചെന്ന കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ റിജിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. റിജിൽ രാജ്യം വിടുന്നത് തടയാനാണ് ക്രൈം ബ്രാഞ്ച് നടപടി.
അതേസമയം, റിജിലിന് യുഡിഎഫുമായി ബന്ധമുണ്ടെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ബാങ്ക് മാനേജർ ആർക്കെല്ലാം സഹായം നൽകിയെന്ന് പരിശോധിക്കണം. തട്ടിപ്പ് മൂടിവെക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ആരോപിച്ചു.
കോർപറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പിഎൻപിയുടെ വിവിധ ശാഖകളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
സംഭവത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. 17 അക്കൗണ്ടുകളിലായി 22 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. കേസുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ചിന് നിർണായകമാകുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കോർപറേഷനിലും ബാങ്കിലും പരിശോധന നടത്താനും ക്രൈംബ്രാഞ്ചിന് ഉദ്ദേശമുണ്ട്.
നേരത്തേ കോർപറേഷന്റെ 7 അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. മൊത്തെ 21.58 കോടിയുടെ തട്ടിപ്പാണ് ബ്രാഞ്ച് മാനേജർ നടത്തിയിരിക്കുന്നത്. ഒമ്പത് സ്വകര്യവ്യക്തികൾക്കും പണം നഷ്ടമായിട്ടുണ്ട്. നിലവിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജർ റിജിൽ മാത്രമാണ് ഇടപെട്ടിരിക്കുന്നതെന്നാണ് ബാങ്കിന്റെ നിഗമനം. എന്നാൽ ഓഡിറ്റിംഗ് പൂർണമായാലേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച തുക ഇടക്കാലങ്ങളിൽ തിരിച്ച് അക്കൗണ്ടുകളിലെത്തുകയും വീണ്ടും പിൻവലിക്കുകയും ചെയ്തിട്ടുള്ളതായാണ് കണ്ടെത്തൽ.
നഷ്ടപ്പെട്ടതിൽ 2.5 കോടിയോളം രൂപ ബാങ്ക് കോർപറേഷന് തിരിച്ചു നൽകിയിട്ടുണ്ട്. ബാക്കി തുക തിങ്കളാഴ്ച വൈകുന്നേരത്തിനകം നൽകുമെന്നാണ് ബാങ്ക് കോർപറേഷനെ അറിയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് കോർപറേഷന്റെ നിലപാട്.
Adjust Story Font
16