കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയം; നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി
ഗുണനിലവാര പരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതാണെന്നും കമ്പനി
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ വി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പണിതത്. ഗുണനിലവാര പരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതാണെന്നും കമ്പനി ഡയറക്ടര്‍ കെ ജെ പോള്‍ പറഞ്ഞു. അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മന്ത്രിയായിരിക്കെ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന് മുന്‍ ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഡിസൈനും പ്ലാനും ശിലാസ്ഥാപനവും കഴിഞ്ഞാണ് താന്‍ മന്ത്രിയായത്. തന്റെ കാലത്ത് നിര്‍മാണപ്രവൃത്തിക്ക് തടസ്സമുണ്ടായിരുന്നില്ല. ആരാണ് കോണ്‍ട്രാക്ടര്‍ എന്നുപോലും അറിയില്ലെന്നും തെറ്റയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയ നടത്തിപ്പുമായി മുന്നോട്ട് പോകുമെന്ന് അലിഫ് ബില്‍ഡേര്‍സ് വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ ബലക്ഷയം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കോഴിക്കോട് ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു.
Adjust Story Font
16