കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തില്‍ കടകള്‍ വാടകയ്ക്കു നൽകിയതിലും പരാതി
രണ്ട് കരാറുകാർക്ക് വലിയ വ്യത്യാസത്തിലാണ് വാടക നിശ്ചയിച്ചത്
കോഴിക്കോട് കെ എസ് ആർ ടി സി കെട്ടിട സമുച്ചയത്തിലെ കടകള്‍ വാടകയ്ക്ക് നൽകിയതിലും വലിയ പരാതി. രണ്ട് കരാറുകാർക്ക് വലിയ വ്യത്യാസത്തിലാണ് വാടക നിശ്ചയിച്ചത്. ഗ്രൗണ്ട് ഫ്ലോറിലെ കിയോസ്കുകള്‍ നല്‍കിയത് സ്ക്വയർ ഫീറ്റിന് 1600 രൂപ പ്രതിമാസ വാടകയ്ക്കാണ്. അതേസമയം, പ്രധാന കരാറുകാരായ അലിഫ് ഗ്രൂപ്പിന് ഗ്രൗണ്ട് ഫ്ലോർ ഒഴികെയുള്ള സ്ഥലം നല്‍കിയത് സ്ക്വയർ ഫീറ്റിന് പ്രതിമാസം 13 രൂപ നിരക്കിലാണ്.
കെ എസ് ആർ ടി സി സ്റ്റേഷന്‍ പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഫ്ലോറില്‍ ഭക്ഷണ സാമഗ്രികള്‍ വില്‍ക്കുന്ന 5 കിയോസ്കുകള്‍ പ്രത്യേകം കരാറിനു നല്‍കിയിരുന്നു കെ ടി ഡി എഫ്സി. ആകെ 422 സ്ക്വയർ ഫീറ്റ്. കോമണ്‍ ഏരിയ വാടക ഉള്‍പ്പെടെ മാസം കെ ടി ഡി എഫ് സിക്ക് കിയോസ്കുകാർ അടക്കേണ്ടത് 7 ലക്ഷം രൂപ. പ്രതിമാസ വാടക സ്ക്വയർ ഫീറ്റിന് 1657 രൂപ.
കോഴിക്കോട്ടെ കെ എസ് ആർ ടി സമുച്ചയ നടത്തിപ്പ് അലിഫ് ഗ്രൂപ്പിന് കൈമാറിയത് പ്രതിമാസം 43 ലക്ഷം രൂപ വാടക നിരക്കിലാണ്. ഗ്രൗണ്ട് ഫ്ലോർ ഒഴികെയുള്ള സ്ഥലമാണ് അലിഫ് ഗ്രൂപ്പിന് നല്‍കിയത്. ആകെ 3,28,460 സ്ക്വയർ ഫീറ്റ്. ഒരു സ്ക്വയർ ഫീറ്റിനുള്ള മാസ വാടക 13 രൂപ.
കെട്ടിടം മൊത്തത്തില്‍ നടത്തിപ്പിനെടുക്കുമ്പോഴുള്ള പ്രായോഗികത മനസിലാക്കുമ്പോള്‍ തന്നെ നിരക്കിലെ ഈ അന്തരം സംശയം ജനിപ്പിക്കുന്നുവെന്നാണ് ആരോപണം. അലിഫ് ഗ്രൂപ്പിന് കെട്ടിടം കൈമാറിയത് കുറഞ്ഞ നിരക്കിലാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് അതേ കെട്ടിടത്തില്‍ ഉയർന്ന നിരക്കില്‍ കിയോസ്കുകള്‍ പ്രവർത്തിക്കുന്ന കാര്യം പുറത്തുവരുന്നത്.
Adjust Story Font
16