കോഴിക്കോട്ടെ മഹിള മാൾ പ്രവർത്തിക്കുന്നത് കെട്ടിടനമ്പർ ഇല്ലാതെ; ക്രമക്കേടിന് കോർപ്പറേഷന്റെ ഒത്താശയെന്ന് പ്രതിപക്ഷം
നഗരത്തിൽ നമ്പർ ഇല്ലാതെ പ്രവർത്തിക്കുന്നത് നിരവധി കെട്ടിടങ്ങൾ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ നൽകിയതിലെ ക്രമക്കേട് വിവാദം കത്തി നിൽക്കുമ്പോഴും മഹിള മാൾ അടക്കം പ്രവർത്തിക്കുന്നത് കെട്ടിട നമ്പർ ഇല്ലാതെ. വനിത സംരംഭങ്ങൾ നിലച്ചുവെങ്കിലും ലൈസൻസ് ഇല്ലാത്ത കെട്ടിടത്തിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിയമവിരുദ്ധ നടപടികൾക്ക്‌കോർപ്പറേഷൻ കൂട്ട് നിൽക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കോർപറേഷന്റെ സ്വപ്ന പദ്ധതി, പ്രളയത്തിന്റെ അതിജീവനം എന്നീ പ്രചാരണങ്ങളോടെയാണ് മഹിള മാളിന് തുടക്കം കുറിച്ചത്. മാളിലെ വനിത സംരംഭങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ച് പൂട്ടിയിട്ട് മാസങ്ങളായി. കെട്ടിടനിർമാണ ചട്ടം ലംഘിച്ച് പണിത കെട്ടിടത്തിന് താൽക്കാലിക ലൈസൻസ് മാത്രമാണ് നൽകിയിരുന്നത്. വനിത സംരംഭങ്ങൾ അടച്ച്പൂട്ടിയെങ്കിലും പുതിയ സംരംഭങ്ങൾ മാളിൽ ആരംഭിച്ചു.
ലൈസൻസ് മരവിപ്പിച്ച കെട്ടിടത്തിൽ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത് ക്രമക്കേടാണെന്നാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. മാളിന്റെ ലൈസൻസ് സംബന്ധിച്ച ചോദ്യങ്ങൾക്ക് കോർപ്പറേഷൻ കൃത്യമായ മറുപടി നൽകാൻ തയാറാവില്ലെന്നും പ്രതിപക്ഷം പറയുന്നു. കോർപ്പറേഷൻ പരിധിയിലെ ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Adjust Story Font
16