Quantcast

'തരൂരിനെ ക്ഷണിച്ചുവരുത്തി പരിപാടിയില്ലെന്ന് പറയുന്നതിൽ ദുഃഖിതനായിരുന്നു, നടന്നില്ലെങ്കിൽ ക്ഷീണം കോൺഗ്രസിനായിരുന്നു'; യൂത്ത് കോൺഗ്രസ്‌ പിന്മാറിയ സെമിനാറിൽ എം.കെ രാഘവൻ

യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് സംബന്ധിച്ച് കെപിസിസി അന്വേഷണ കമ്മീഷനെ വെക്കണമെന്നും കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും കോഴിക്കോട് എംപി

MediaOne Logo

Web Desk

  • Updated:

    2022-11-20 13:22:48.0

Published:

20 Nov 2022 11:58 AM GMT

തരൂരിനെ ക്ഷണിച്ചുവരുത്തി പരിപാടിയില്ലെന്ന് പറയുന്നതിൽ ദുഃഖിതനായിരുന്നു, നടന്നില്ലെങ്കിൽ ക്ഷീണം കോൺഗ്രസിനായിരുന്നു; യൂത്ത് കോൺഗ്രസ്‌ പിന്മാറിയ സെമിനാറിൽ എം.കെ രാഘവൻ
X

കോഴിക്കോട്: ശശി തരൂർ എംപിയെ ക്ഷണിച്ചുവരുത്തി പരിപാടിയില്ലെന്ന് പറയേണ്ടി വരുമോയെന്ന് ഓർത്ത് താൻ ദുഃഖിതനായിരുന്നുവെന്നും ഇന്നലെ മാധ്യമ പ്രവർത്തകർ തന്നെ വിളിക്കുമ്പോൾ മറുപടിയുണ്ടായിരുന്നില്ലെന്നും കോഴിക്കോട് എംപി എം.കെ രാഘവൻ. യൂത്ത് കോൺഗ്രസ്‌ പിന്മാറിയതിനെ തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിലാണ് എം.കെ രാഘവന്റെ പ്രതികരണം. 'സംഘ പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന തലക്കെട്ടിലുള്ള സെമിനാറിന്റെ നടത്തിപ്പിൽ നിന്നാണ്‌ യൂത്ത് കോൺഗ്രസ്‌ പിന്മാറിയിരുന്നത്.

ആർഎസ്എസ്സിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംഘടിപ്പിക്കുന്ന പരിപാടി നടന്നില്ലെങ്കിൽ ക്ഷീണം കോൺഗ്രസിനാണെന്നും നമ്മുടെ നേതാവ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ സവർക്കറിനെ കുറിച്ച് വളരെ വ്യക്തമായി തുറന്നു കാട്ടുന്ന സന്ദർഭമാണെന്നും എം.കെ രാഘവൻ ഓർമിപ്പിച്ചു. ഇത്തരം പരിപാടി റദ്ദാക്കിയവരോട് താൻ രണ്ടു കയ്യും കൂപ്പി ഇനിയിതാവർത്തിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യ മുഴുവൻ മതേതരത്വത്തിനായി വളരെ മനോഹരമായി സംസാരിക്കുന്നയാളാണ് തരൂരെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ തരൂരിനെ മുന്നിൽ നിർത്തിയാൽ മാത്രമേ കോൺഗ്രസിന് മുന്നേറാൻ കഴിയുവെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും കോഴിക്കോട് എംപി പറഞ്ഞു.

ശശി തരൂരിന്റെ പരിപാടി റദ്ദാക്കിയപ്പോൾ താൻ ജവഹർ യൂത്ത് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നുവെന്നും തരൂരിനെ പോലെയൊരാൾ കോഴിക്കോട് വന്നാൽ പരിപാടി നടത്തേണ്ട ബാധ്യത നമുക്കാണെന്ന് പറയുകയായിരുന്നുവെന്നും എം.കെ രാഘവൻ പറഞ്ഞു. അല്ലെങ്കിൽ നമുക്ക് ഇറങ്ങി നടക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജവഹർ യൂത്ത് ഫൗണ്ടേഷൻ കടലാസ് സംഘടനയല്ലെന്നും കോവിഡ് കാലത്ത് നിരവധി സേവനങ്ങൾ ചെയ്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ചാണ് പരിപാടി ആസൂത്രണം ചെയ്തതെന്നും താൻ ഒറ്റക്കല്ല പരിപാടി ആസൂത്രണം ചെയ്തതെന്നും എം.കെ രാഘവൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് സംബന്ധിച്ച് കെപിസിസി അന്വേഷണ കമ്മീഷനെ വെക്കണമെന്നും കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പക്കലുള്ള തെളിവുകൾ സമിതിക്ക് കൈമാറാമെന്നും അല്ലെങ്കിൽ പാർട്ടി വേദിയിൽ തെളിവ് വെക്കുമെന്നും പറഞ്ഞു. രാഘവൻ എംപിക്ക് പുറമേ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡിസിസി ജനറൽ സെക്രട്ടറി ഐ പി രാജേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ, കെപിസിസി അംഗം ബാലകൃഷ്ണൻ കിടാവ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Kozhikode MP MK Raghavan said that he was sad because he will have to invite MP Shashi Tharoor and say no to the event.

TAGS :

Next Story