ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; കോഴിക്കോട് ചായക്കട കത്തിനശിച്ചു
കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാൾക്ക് പൊള്ളലേറ്റു
കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയ്ക്ക് തീപിടിച്ച് കട കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്.
രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ചായക്കട പൂർണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാൾക്കാണ് പൊള്ളലേറ്റിരിക്കുന്നത്. തിരൂർ സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്യാസിൽ നിന്ന് തീപടരുന്നത് കണ്ട അരുണാചൽ സ്വദേശിയായ ജീവനക്കാരൻ സിലിണ്ടർ പുറത്തേക്ക് തട്ടിയിടുകയായിരുന്നു. പുറത്ത് വെച്ച് സിലിണ്ടർ പൊട്ടിത്തെറിച്ചത് സമീപപ്രദേശങ്ങളിലെ കടകൾക്ക് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യമായ അപകടമില്ല.
അടുത്തടുത്ത് കടകളുള്ള മേഖലയാണ് മുതലക്കുളം. തീപിടിച്ച കടയുടെ പിന്നിൽ വലിയ പുസ്തകക്കടയുമുണ്ട്. അതുകൊണ്ട് തന്നെ തീ വ്യാപിക്കാഞ്ഞത് വലിയ അപകടമൊഴിവാക്കി. തീ പടരുന്നത് കണ്ടപ്പോഴേക്കും ജീവനക്കാർ അണയ്ക്കാനുള്ള ശ്രമമാരംഭിച്ചതാണ് രക്ഷയായത്.
Adjust Story Font
16