കേരളത്തിൽ നിപ കവർന്നത് 21 പേരെ; 14കാരന് സ്ഥിരീകരിച്ചത് ഇന്നലെ
കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ഏറെ സങ്കടകരമായ കാര്യമെന്നും ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചതോടെ കേരളത്തിൽ ഇതുവരെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. 2018ൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആറ് വർഷങ്ങളിലായി 12 വയസുകാരനുൾപ്പടെയാണ് നിപയ്ക്ക് കീഴടങ്ങിയത്.
ഇന്ന് മരിച്ച 14കാരന്റെ നില അതീവ ഗുരുതരമായതിന് ശേഷമാണ് നിപയെന്ന് സ്ഥിരീകരിക്കുന്നതും ഇതിനുള്ള ചികിത്സ തുടങ്ങുന്നതും. കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ഏറെ സങ്കടകരമായ കാര്യമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേരും മഞ്ചേരി മെഡിക്കൽ കോളജിൽ നാലുപേരും ചികിത്സയിലുണ്ട്. ഇതിലൊരാൾക്ക് ഐസിയു സപ്പോർട്ടുണ്ട്. നിരീക്ഷണത്തിലുള്ളതിൽ വൈറൽ പനിയുള്ളയാളുടെ സാമ്പിൾ പരിശോധനയ്ക്കുമയച്ചു. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം മോണോ ക്ലോണൽ ആന്റിബോഡി ആസ്‌ട്രേലിയയിൽ നിന്നെത്തിച്ചിരുന്നു.
എന്നാൽ വൈറൽ ബാധയുണ്ടായി അഞ്ച് ദിവസത്തിനുള്ളിൽ കൊടുത്താലേ ഇത് പ്രയോജനം ചെയ്യുകയുള്ളൂ. വൈറൽ ബാധയുണ്ടായി പത്ത് ദിവസമായെങ്കിലും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ, കുട്ടിക്കിത് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതെത്തും മുമ്പ് തന്നെ രാവിലെയോടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായി, പിന്നാലെ തന്നെ മരണവും സ്ഥിരീകരിച്ചു.
സമ്പർക്കപ്പട്ടികയിലുള്ളവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ ലക്ഷണങ്ങളുള്ളവർ കുറവാണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഐസൊലേഷനിൽ ഉള്ളവരുടെ ഫലം പോസിറ്റീവാണെങ്കിൽ കൂടിയും കോഴിക്കോട് മെഡിക്കൽ കോളജ് നിപ ചികിത്സയ്ക്ക് സജ്ജമായതാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 14കാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ പേവാർഡ് പെട്ടെന്ന് തന്നെ ഐസൊലേഷൻ വാർഡാക്കി മാറ്റുകയും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിക്കുന്നത്. മൂന്ന് തവണയും കോഴിക്കോട് ജില്ലയിലായിരുന്നു രോഗബാധ. 2018 മേയ് അഞ്ചിനാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില മുഹമ്മദ് സാബിത്ത് മരിക്കുന്നത്. അന്നൊരു പനിമരണമായി രേഖപ്പെടുത്തിയ സംഭവത്തിൽ മെയ് 18 ന് സഹോദരനും ബന്ധുവും മരിക്കുന്നതോടെ ചിത്രം മാറി. നിപ വൈറസ് ആണ് മരണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തക സിസ്റ്റർ ലിനിയടക്കം 17 പേർ മരിച്ചു.
രോഗം സ്ഥിരീകരിച്ച നഴ്‌സിംഗ് സ്റ്റുഡന്റ് അജന്യയും മലപ്പുറം സ്വദേശി ഉബീഷും ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. സാബിത്ത് ആദ്യം ചികിത്സ തേടിയ പേരാമ്പ്ര ആശുപത്രിയിൽ നിന്നാണ് നഴ്സ് ലിനി അടക്കമുള്ളവർക്ക് രോഗം പടരുന്നത്. തുടർന്ന് രോഗലക്ഷണം കണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്തതോടെ രോഗവ്യാപനം തടയാനായി.
2018 ജൂൺ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ മുക്തമായ് പ്രഖ്യാപിച്ചു. എന്നാൽ തൊട്ടടുത്ത വർഷം സംസ്ഥാനത്ത് വീണ്ടും നിപയെത്തി. . എറണാകുളം പറവൂർ സ്വദേശിയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർഥിക്കാണ് നിപ സ്ഥിരീകരിച്ചത്. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷം അസുഖം മാറി. സമ്പർക്കത്തിൽ വന്ന മൂന്നൂറിലധികം പേരെ അന്ന് നിരീക്ഷണത്തിലാക്കിയിരുന്നു.
പിന്നീട് 2021ലും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. സെപ്റ്റംബർ ആറിന് കോഴിക്കോട് ചാത്തമംഗലം പാഴൂർ സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് ഹാഷിം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വൈറസ് ബാധയെ തുടർന്ന് മരിച്ചു . കുട്ടിയുടെ ബന്ധുക്കളായിരുന്നു സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്. മുൻ കരുതൽ സ്വീകരിച്ചിരുന്നതിനാൽ മറ്റാരിലേക്കും പടർന്നില്ല.
2023 ഓഗസ്റ്റിൽ കോഴിക്കോട് വീണ്ടും നിപയെത്തി. ആയഞ്ചേരി, മരുതോങ്കര സ്വദേശികളായ രണ്ട് പേരാണ് നിപയെ തുടർന്ന് മരിച്ചത്. മരുതോങ്കര സ്വദേശിയുടെ മകനും നിപ സ്ഥിരീകരിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 9 വയസ്സുകാരനായ ഈ കുഞ്ഞും ജീവിതത്തിലേക്ക് തിരികെയെത്തി.
Adjust Story Font
16