അതിശക്തമായ മഴ; കോഴിക്കോട് കൺട്രോൾ റൂം തുറന്നു, വയനാട്ടിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു
മഴക്കെടുതികളുണ്ടായാൽ 1077 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കൺട്രോൾ റൂം തുറന്നു. മഴക്കെടുതികളുണ്ടായാൽ 1077 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം. 0495-2371002 എന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നമ്പറിലും സേവനം ലഭ്യമാണ്.
കനത്ത മഴയിൽ നിരവധിയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് വിവിധ ഭാഗങ്ങളിൽ വെള്ളത്തിനടയിലായി. താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കക്കാടംപൊയിൽ മണ്ണ് വീണും ഗതാഗതം തടസ്സപ്പെട്ടു. പയ്യോളി, തിക്കോട്, വടകര പ്രദേശങ്ങളിലും മഴ ശക്തമാണ്. ഓറഞ്ച് അലർട്ടാണ് നിലവിൽ ജില്ലയിൽ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ടിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. മരം വീടിന് മുകളിലേക്ക് കടപുഴകി വീണും അപകടമുണ്ടായിട്ടുണ്ട്. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കല്ലൂർ പുഴ കരകവിഞ്ഞിനാൽ ഇവിടെ താമസിപ്പിച്ചിരുന്ന ഒമ്പത് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Adjust Story Font
16