Quantcast

ട്രെയിൻ തീവെപ്പ്; ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു

ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-12 11:14:04.0

Published:

12 April 2023 11:07 AM GMT

Kozhikode train fire:
X

കണ്ണൂർ: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസിന്റെ തെളിവെടുപ്പ്. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തുന്നത്. അക്രമം നടത്തിയ ബോഗിക്കുള്ളിലാണ് സെയ്ഫിയെ കൊണ്ടുവന്നത്. കേസിലെ ആദ്യത്തെ തെളിവെടുപ്പാണ് ഇത്. ഇന്ന് തന്നെ പ്രതിയെ എലത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിയില്‍ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. അക്രമത്തിനു ശേഷം എലത്തൂരില് നിന്ന് കണ്ണൂരിലെത്തിയെന്ന് സെയ്ഫി പൊലീസിന് മൊഴി നല്കിയിരുന്നു. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അഞ്ചാംദിവസമാണ് പോലീസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി സെയ്ഫിയെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ നിരവധി യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റു. ഇതിനുപിന്നാലെ ട്രെയിനിലെ യാത്രക്കാരായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കിലും കണ്ടെത്തി. ഇതേസ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് കരുതുന്ന ബാഗും ചില കുറിപ്പുകളും കണ്ടെടുത്തിരുന്നു.

പെട്രോൾ വാങ്ങിയതിന് പുറമേ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഈ കാര്യങ്ങളിലും പ്രതിയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.


Next Story