മലബാറിന്‍റെ 'ഇംഗ്ലീഷ് ഉമ്മ' പി.എം മറിയുമ്മ ഇനി ഓര്‍മ്മ
മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത പി.എം മറിയുമ്മ അന്തരിച്ചു
99ാം വയസ്സിലും ദ ഹിന്ദു പത്രം നിവർത്തിപ്പിടിച്ച് അക്ഷര സ്ഫുടതയോടെ മറിയുമ്മ വായിച്ച് തുടങ്ങും. ഒരു പോരാട്ടം വിജയിച്ച പുഞ്ചിരി അപ്പോൾ അവരുടെ മുഖത്ത് വിരിയും. നിരവധി കനൽവഴികൾ താണ്ടി ഒരു കാലത്ത് അറിവിന്‍റെ വിഹായസ്സിൽ വിരാജിച്ച, പ്രായം ശരീരത്തേയും മനസ്സിനേയും ഒട്ടും തളർത്താത്ത പോരാളിയാണ് മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് യാത്രയാവുന്നത്.
മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്‍റ സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോൺവെന്‍റില്‍ ചേർന്ന് ഇംഗ്ലീഷ് പഠിക്കാന്‍ ധൈര്യം കാണിച്ചത്.1938-43 കാലത്ത് തലശേരി കോണ്‍വെന്‍റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു അവര്‍. റിക്ഷാവണ്ടിയില്‍ ബുര്‍ഖ ധരിച്ച് സ്‌കൂളില്‍ പോവുന്ന വഴിയില്‍ നിരവധി പരിഹാസ ശരങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് മറിയുമ്മക്ക്.
എന്നാല്‍ ശകാരവര്‍ഷങ്ങളെ ഒന്നും ഭയക്കാതെ മറിയുമ്മ ക്ലാസ് മുറികളിലേക്ക് കയറിച്ചെന്നു. സമുദായത്തില്‍ നിന്നുയര്‍ന്ന ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ ബാപ്പ മതപണ്ഡിതനായ ഒ വി അബ്ദുല്ല മറിയുമ്മയെയും സഹോദരങ്ങളെയും വിദ്യാഭ്യാസം ചെയ്യിച്ചത്. രണ്ടാം ക്ലാസ്സ് വരെയെ പഠിച്ചിട്ടുള്ളൂ എങ്കിലും ഒ വി അബ്ദുല്ല നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്നു.
മാംഗ്ലൂർ നൺസ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളിൽ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു.
സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ ഒരു കാലത്ത് സജീവമായിരുന്നു. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തി.
മറിയുമ്മയ്ക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്‍മക്കളുമായിരുന്നു. ഒരു മകനും മകളും അകാലത്തില്‍ തന്നെ ക്യാന്‍സര്‍ ബാധിതരായി മരണപ്പെട്ടു. മറിയുമ്മയുടെ മകന്‍ മഷൂദ് ഗായകനും സംഗീതജ്ഞനുമായിരുന്നു. തലശ്ശേരിയിലെ ബ്ലൂ ജാക്സ് എന്ന മ്യൂസിക് ട്രൂപ്പ് മഷൂദിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയതായിരുന്നു.
തലശ്ശേരിയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു ഏടാണ് മാളിയേക്കല്‍ തറവാടിന്‍റെയെങ്കില്‍ മാളിയേക്കല്‍ തറവാടിന്‍റെ ചരിത്രത്തില്‍ ഒരാള്‍ക്കും വിസ്മരിക്കാനാവാത്ത ഏടാണ് മറിയുമ്മയുടേത്. കാച്ചിയും തട്ടവുമണിഞ്ഞ് മാളിയേക്കൽ തറവാടിന്‍റെ മുറ്റത്തെ ചാരു കസേരയിൽ കാല് നീട്ടിയിരുന്ന് മറിയുമ്മ ഇംഗ്ലീഷ് പത്രം വായിക്കുന്ന കാഴ്ച ഇനി തലശ്ശേരിക്കാര്‍ക്ക് കാണാനാവില്ല.
Adjust Story Font
16