Quantcast

'മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ എന്നെ കിട്ടില്ല'; പൂക്കോയ തങ്ങളുടെ നിലപാട് ഓർമിപ്പിച്ച് കെ.പി.എ മജീദ്

പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Nov 2023 4:04 AM GMT

KPA Majeed Against league-cpm alliance
X

കോഴിക്കോട്: മുസ്‌ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നതിൽ അതൃപ്തി പരസ്യമാക്കി കെ.പി.എ മജീദ് എം.എൽ.എ. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മജീദ് നിലപാട് വ്യക്തമാക്കിയത്.

''അതിന് എന്നെ കിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്''-പൂക്കോയ തങ്ങളുടെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.

തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്.

''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.''

പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഡയറക്ടറായതോടെയാണ് ലീഗ്-സി.പി.എം ബന്ധം വീണ്ടും ചർച്ചയായത്. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും ഇതിൽ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണ് ഹമീദ് മാസ്റ്റർ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത് എന്നായിരുന്നു ഇ.ടി പറഞ്ഞത്.

ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഹമീദ് മാസ്റ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ തന്നെ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. കേരള ബാങ്ക് സംബന്ധിച്ച് നിയമപോരാട്ടം നടക്കുന്നതിനിടെ ലീഗ് ഡയറക്ടർ ബോർഡ് അംഗത്വം സ്വീകരിച്ചതിൽ കോൺഗ്രസിനും അതൃപ്തിയുണ്ട്.

TAGS :

Next Story