Quantcast

കെ.പി.സി.സി അച്ചടക്ക സമിതി യോഗം ഇന്ന്; ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ചയാകും

ആര്യാടൻ ഷൗക്കത്തിൻ്റെ ആവശ്യ പ്രകാരമാണ് ഇവരിൽ നിന്ന് കൂടി അച്ചടക്ക സമിതി വിശദീകരണം തേടിയത്

MediaOne Logo

Web Desk

  • Published:

    8 Nov 2023 1:10 AM GMT

KPCC disciplinary committee meeting
X

കെ.പി.സി.സി അച്ചടക്ക സമിതി യോഗം

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെ .പി.സി.സി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടനെ പിന്തുണയ്ക്കുന്ന 16 നേതാക്കൾ ഹാജരാവും. ആര്യാടൻ ഷൗക്കത്തിൻ്റെ ആവശ്യ പ്രകാരമാണ് ഇവരിൽ നിന്ന് കൂടി അച്ചടക്ക സമിതി വിശദീകരണം തേടിയത്.

ഔദ്യോഗിക പക്ഷത്ത് നിന്ന് ഡി.സി.സി പ്രസിഡൻ്റ് അടക്കമുള്ളവരുടെ വിശദീകരണം രേഖപ്പെടുത്താനും അച്ചടക്ക സമിതി തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ മലപ്പുറത്ത് കൺവൻഷനായതിനാൽ ഇന്ന് എത്താൻ കഴിയില്ലെന്നാണ് ഔദ്യോഗിക പക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഇവരുടെ വിശദീകരണം 13ന് രേഖപ്പെടുത്തും. ഇതോടെ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘന പരാതിയിൽ തീരുമാനം നീളുമെന്ന് ഉറപ്പായി.

കെ.പി.സി.സി വിലക്ക് ലംഘിച്ച് റാലി നടത്തിയതാണ് ആര്യാടന് പ്രശ്നമായത്. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഫലസ്തീൻ ഐക്യദാർഢ്യ റാലി തന്റെ നിലപാടാണെന്നും വ്യക്തമാക്കി ആര്യാടൻ ഷൗക്കത്ത് സമിതിക്ക് കത്ത് നൽകിയിരുന്നു. സി.പി.എമ്മിന്റെ ക്ഷണം സ്വീകരിക്കില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ താൻ സി.പി.എം ക്ഷണം സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പിതാവിനെപ്പോലെ കോൺഗ്രസ് പതാക പുതച്ച് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷൗക്കത്ത് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം ആര്യാടന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തി. . ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമാണ് തരൂരിന്‍റെ നിലപാട്. വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനെതിരെ ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി. അച്ചടക്കസമിതി വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനമെടുക്കുംവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദേശം.



TAGS :

Next Story