കെ.പി.സി.സിയിലെ സഹ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്; കരുതലോടെ നേതൃത്വം
ഓരോ ഘട്ടത്തിലും മുതിർന്ന നേതാക്കളുമായി ആശയവിനിമയം ഉറപ്പാക്കാനാണ് സതീശന്‍റെയും സുധാകരന്‍റെയും ശ്രമം
കെ.പി.സി.സി യിലെ സഹ ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കടന്നതോടെ കെ.പി.സി.സി നേതൃത്വവും മുതിർന്ന നേതാക്കളും നടത്തുന്നത് കരുതലോടെയുള്ള നീക്കം. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിലെടുത്താണ് ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് കെ.പി.സി.സി നേതൃത്വത്തിന്‍റെ നീക്കങ്ങൾ. മറുപക്ഷത്ത് മുതിർന്ന നേതാക്കളാവട്ടെ തുറന്ന മനസോടെയാണ് ചർച്ചയെ ആദ്യ ഘട്ടത്തിൽ സമീപിച്ചത്..
ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത് മതിയായ ചർച്ച നടത്താതെയാണെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചതിനെ തുടർന്ന് സൃഷ്ടിക്കപ്പെട്ട കലാപം ഏറെ പണിപ്പെട്ടാണ് കെ.പി.സി.സി നേതൃത്വം പരിഹരിച്ചത്. അതിന് പിന്നാലെ ജനറൽ സെക്രട്ടറിമാരടക്കം പാർട്ടി വിട്ടതും നേതൃത്വത്തിന് തിരിച്ചടിയായി. ഇതിനാലാണ് കെ.പി.സി.സിയിലേയും ഡി.സി.സികളിലേയും ബാക്കി പുനസംഘടനയുടെ കാര്യത്തിൽ നേതൃത്വം തുറന്ന സമീപനം സ്വീകരിക്കുന്നത്.
ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിക്കുന്നതിലടക്കം ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങൾക്ക് കൂടി കാര്യമായ പരിഗണന നൽകി. വർക്കിങ്ങ് പ്രസിഡന്‍റുമാരെ പോലും മാറ്റി നിർത്തി കെ സുധാകരനും വി.ഡി. സതീശനും നേരിട്ടാണ് ഇരു നേതാക്കളുമായും ചർച്ച നടത്തിയത്.
ഇതിനു പുറമേ രമേശ് ചെന്നിത്തലയും വി.ഡി സതീശനും ഇന്നലെ രാത്രി വീണ്ടും കൂടിക്കാഴ്ച നടത്തി. ഓരോ ഘട്ടത്തിലും മുതിർന്ന നേതാക്കളുമായി ആശയവിനിമയം ഉറപ്പാക്കാനാണ് സതീശന്‍റെയും സുധാകരന്‍റെയും ശ്രമം. ഇനിയും പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് ഹൈക്കമാന്‍റും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നേതൃത്വം ആശയ വിനിമയം നടത്തുന്നതിൽ തൽക്കാലം അടങ്ങി നിൽക്കുകയാണ് ഗ്രൂപ്പുകൾ. ഇതിനിടയിൽ പാർട്ടിയാൽ നിന്ന് പോകുന്നവർ പോകട്ടെയെന്ന നേതൃത്വത്തിന്‍റെ നിലപാടിലും അമർഷം ഉണ്ട്. പുനസംഘടനാ ചർച്ചകളിലേക്ക് കടന്നതിനാൽ ഇക്കാര്യത്തിൽ പരസ്യ വിമർശനത്തിലേക്ക് കടക്കേണ്ടന്നാണ് ഗ്രൂപ്പ് മാനേജർമാർക്കിടയിലെ ധാരണ.
Adjust Story Font
16