'ഫ്ലൈ ഇന്‍ കേരള' ആകാശത്തൊരു സില്‍വര്‍ലൈന്‍; കെ.റെയിലിന് ബദലുമായി കെ.പി.സി.സി
കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ പോലെ വിമാന സർവീസ് നടത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കെ.പി.സി.സി നിര്‍ദേശം
കെ.റെയിലിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ ബദൽ നിർദേശവുമായി കെ.പി.സി.സി . കുടിയൊഴിപ്പിക്കലുകളില്ലാതെ പരിസ്ഥിതി നാശം സൃഷ്ടിക്കാതെ പദ്ധതിയുടെ ഉദ്യേശലക്ഷ്യങ്ങൾ പൂർത്തിയാക്കുന്ന രീതിയിൽ മറ്റൊരു പദ്ധതി മുന്നോട്ട് വക്കുകയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. 'ഫ്ലൈ ഇൻ കേരള' എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.
നാല് മണിക്കൂർ കൊണ്ട് കാസർകോഡ് നിന്നും തിരുവനന്തപുരത്ത് എത്താമെന്നതാണ് കെ.റെയിലിന്‍റെ പ്രധാന ആകർഷണം. എന്നാൽ ഇതേ സാധ്യതകൾ വലിയ കുടിയൊഴിപ്പിക്കലുകളില്ലാതെ പരിസ്ഥിതി നാശമില്ലാതെ നടപ്പിലാക്കാനാവുമെന്നാണ് കെ.പി.സി.സി പറഞ്ഞു വക്കുന്നത്.
കെ.പി.സി.സി നിർദേശമിങ്ങനെ..
കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ പോലെ വിമാന സർവീസ് നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാവില്ലേ. എല്ലാ മണിക്കൂറിലും ഓരോ ദിശയിലേക്കും ഓരോ വിമാനങ്ങൾ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയർപോർട്ടിൽ അരമണിക്കൂർ ലാന്‍റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവനന്തപുരത്തെത്തും. അതുപോലെ തിരുവനന്തപുരത്തുനിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെട്ടാൽ ഏഴരയാകുമ്പോള്‍ കണ്ണൂരെത്താം. ഈ പദ്ധതിക്ക് ഫ്ലൈ ഇന്‍ കേരള എന്ന് പേരിടാം. കെ. ഫോണും കെ. റെയിലും, കൊക്കോണിക്സുമൊക്കെ നമ്മള്‍ കേട്ടുമടുത്തില്ലെ.
ഫ്ലൈ ഇന്‍ കേരള വിമാനങ്ങളിൽ റിസർവേഷൻ നിർബന്ധമല്ല. എയർപോർട്ടിൽ എത്തിയിട്ട് ടിക്കറ്റെടുത്താല്‍ മതി. ഇനി റിസർവേഷൻ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. ഒമ്പതുമണിക്കുള്ള ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ 10 മണിക്കുള്ളതിനു പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല ഈ പദ്ധതി വിജയിച്ചാൽ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും. പദ്ധതിക്ക് 1000 കോടി മാത്രമെ ചെലവുണ്ടാകൂ.
ഫ്ലൈ ഇന്‍ കേരളയെക്കുറിച്ച ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സജീവമാക്കാനാണ് കെ.പി.സി.സി നീക്കം.
Adjust Story Font
16