പ്രതിഷേധം, സംഘർഷം, കല്ലേറ്, കത്തിക്കൽ; കലാപക്കളമായി സംസ്ഥാനം
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനുനേരെ ആക്രമണം നടന്നു. വി.കെ പ്രശാന്ത് എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക അക്രമസംഭവങ്ങൾ. തലസ്ഥാനത്ത് കെ.പി.സി.സി ആസ്ഥാനത്തിനുനേരെ കല്ലേറും ആക്രമണവും റിപ്പോർട്ട് ചെയ്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമണത്തിനിരയായി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനുനേരെ ആക്രമണമുണ്ടായി. വി.കെ പ്രശാന്ത് എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
ഇന്നു വൈകീട്ടാണ് കെ.പി.സി.സി ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടായത്. ഓഫീസിനുമുന്നിലുള്ള ഫ്‌ളക്‌സും കൊടിതോരണങ്ങളും നശിപ്പിക്കുകയും ഓഫീസിലേക്ക് കല്ലെറിയുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ ആൻറണി ഉൾപ്പെടെയുള്ളവർ ഓഫിസിലുണ്ടായിരുന്നു.
ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കെ. സുധാകരൻ ആരോപിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷയേർപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇടത് സംഘടനകൾ പ്രകടനം നടത്തുകയാണ്. പത്തനംതിട്ട അടൂരിൽ സി.പി.എം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കണ്ണൂർ ഇരിട്ടിയിലും യൂത്ത് കോൺഗ്രസ് ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.
കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇക്ബാലിന്റെ തലയ്ക്ക് പരിക്കേറ്റു.
കാസർകോട് നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. വൈകീട്ട് 7.30 മണിയോടെയായിരുന്നു ആക്രമണം.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നീലേശ്വരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം നടന്നത്. ഓഫീസിലെ ഫർണിച്ചറുകൾ, ജനൽചില്ലുകൾ, നേതാക്കളുടെ ഫോട്ടോകൾ എന്നിവ തകർത്തിട്ടുണ്ട്. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവർത്തകർ ഓടിരക്ഷപ്പെടുകയായിരുന്നു.
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന് നേരെ ആക്രമണം നടന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ വച്ചാണ് ആക്രമണം. മാത്യു സഞ്ചരിച്ച വാഹത്തിന് കേടുപാടു വരുത്തി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം നടന്നു. ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിന് തീയിട്ടു. കണ്ണൂർ തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിനുനേരെയും ആക്രമണമുണ്ടായി. ഓഫീസിന്റെ ഫർണിച്ചറുകളും ജനൽ പാളികളും അടിച്ചുതകർത്തു. എൽ.എസ് പ്രഭു മന്ദിരത്തിനുനേരെയാണ് രാത്രി 7.45ഓടെ അക്രമം നടന്നത്. പ്രകടനമായെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ സംഘം ഓഫീസിനുനേരെ ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
കെ.പി.സി.സി ഓഫീസിനുനേരെ നടന്ന ആക്രമണത്തിൽ കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധം നടത്തി. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തിരുവല്ലയിലും വ്യാപക ആക്രമണം. കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകളും കൊടിമരങ്ങളും തകർത്തു. പത്തനംതിട്ട മല്ലപ്പള്ളിയിലും കോൺഗ്രസ് ഓഫീസ് തകർത്തു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് ഓഫീസ് തകർത്തത്. തിരുവല്ല കടപ്രയിൽ സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായി. ഇരു വിഭാഗങ്ങളുടെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചു.
തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം. ഓഫീസിനു മുന്നിലെ ബോർഡുകളും മറ്റും സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തു.
തിരുവനന്തപുരത്ത് വി.കെ പ്രശാന്തിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. സി.പി.എം കൊടി കത്തിച്ചു. മാർച്ചിൽ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
Summary: KPCC office attack, attack on Congress offices: State wide Congress-CPM clash
Adjust Story Font
16