Quantcast

ചികിത്സയ്ക്കായി യു.എസ് യാത്ര: 10 ദിവസത്തെ അവധിയിൽ പ്രവേശിച്ച് സുധാകരൻ

ഇന്ദിരാ ഭവനിൽ പുരോഗമിക്കുന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ അവധി അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    30 Dec 2023 8:00 AM GMT

KPCC president K Sudhakaran on a ten-day leave for US trip for medical treatment
X

തിരുവനന്തപുരം: ചികിത്സാവശ്യാർത്ഥം യു.എസിലേക്കു തിരിക്കുന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ അവധിയില്‍ പ്രവേശിച്ചു. പത്തു ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. പകരം ചുമതലയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇന്ദിരാ ഭവനിൽ പുരോഗമിക്കുന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ അവധി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, യോഗത്തിൽ മുതിർന്ന നേതാവ് വി.എം സുധീരൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതായും റിപ്പോർട്ടുണ്ട്. കെ.പി.സി.സി നേതൃത്വം പരാജയമാണെന്ന് സുധീരൻ വിമർശിച്ചു. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല, അവരവർക്ക് വേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല. മുൻപ് രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016ലെ പരാജയ കാരണങ്ങളും സുധീകരൻ വിവരിച്ചു.

നേരത്തെ നേതാക്കളുമായി ദീപാദാസ് മുന്‍ഷി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബെന്നി ബെബനാൻ, കെ.സി ജോസഫ് എന്നിവരെയാണ് അവർ കണ്ടത്. കൂടിക്കാഴ്ചയിൽ ഗ്രൂപ്പുകളോടുള്ള അവഗണന ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ സംസാരിച്ചതായാണു വിവരം.

കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി മസ്‌കറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രാവിലെ എട്ടു മണിയോടെയായിരുന്നു നേതാക്കൾ ദീപാദാസ് താമസിക്കുന്ന ഹോട്ടലിലെത്തിയത്. ഓരോരുത്തരും വെവ്വേറെയായാണു കണ്ടതെന്നാണു വിവരം. കെ.പി.സി.സി നടത്തി ബ്ലോക്ക്-മണ്ഡലം പുനഃസംഘടനയിലുള്ള അതൃപ്തി നേതാക്കൾ അറിയിച്ചു.

സുധാകരൻ ചികിത്സാവശ്യാർത്ഥം പരിശോധനകൾക്കായി നാളെ യു.എസിലേക്കു തിരിക്കാനിരിക്കെയാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തത്. സർക്കാരിനെതിരായ തുടർസമരങ്ങൾ ചർച്ചചെയ്യുകയാണു യോഗത്തിലെ പ്രധാന അജണ്ട. ഇതോടൊപ്പം 40 മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാംഘട്ട പട്ടികയെച്ചൊല്ലി വിവിധ കോണുകളിൽ ഭിന്നത വന്നതും ചർച്ചയാവും.

Summary: KPCC president K Sudhakaran on a ten-day leave for US trip for medical treatment

TAGS :

Next Story