നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കോൺഗ്രസ്, പ്രവർത്തകരോട് ഒന്നിച്ചു നിന്ന് പ്രവർത്തിക്കാൻ കെ. സുധാകരൻ
കോൺഗ്രസിന്‍റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു
'നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകർന്ന അടിസ്ഥാന ഘടകം' - ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ.
ഒരു വിഷമസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും കോൺഗ്രസിന്‍റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുമ്പോൾ പ്രവർത്തകർക്ക് ഉറങ്ങാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എല്ലാവരും തോളോട് തോൾ ചേർന്നുകൊണ്ടുള്ള പ്രവർത്തനമാണ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ കൂടെ കണ്ണൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി സ്വജീവൻ പോലും തൃണവൽക്കരിച്ച് രാഷ്ട്രീയ എതിരാളികളുമായി മല്ലടിച്ച് ഈ പാർട്ടിയുടെ അസ്തിത്വം നിലനിർത്തിയവരാണ് നിങ്ങൾ. നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകർന്ന അടിസ്ഥാന ഘടകം. ഒരു വിഷമസന്ധിയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്.
കോൺഗ്രസിൻ്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ, കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദു:ഖകരമാണ്. രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് ദുർബലമാകുന്നത് നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല. കോൺഗ്രസ് ദുർബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ജനങ്ങൾ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ ഉറങ്ങാൻ പറ്റും?
അത് കൊണ്ട് എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ പറയുന്നു ഒരു പാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ചരിത്രം രചിക്കുമ്പോൾ, ആ പ്രസ്ഥാനം തളരുവാൻ നമുക്ക് അനുവദിക്കാൻ പറ്റില്ല. ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം.
കോൺഗ്രസിൻ്റെ പ്രവർത്തന രംഗത്ത് ഈ സംസ്ഥാനത്തെ അമരക്കാരനായി ഹൈക്കമാൻഡ് എന്നെ നിശ്ചയിച്ചത് നിങ്ങൾക്ക് അറിയാമല്ലൊ. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് നമുക്ക് വേണം തോളോട് തോൾ ചേർന്ന് കൊണ്ടുള്ള പ്രവർത്തനം. എല്ലാം മറന്ന് കൊണ്ട് പാർട്ടിക്ക് വേണ്ടി, പാർട്ടിയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി, പാർട്ടിയുടെ കരുത്തിന് വേണ്ടി ഒരു ബിന്ദുവിൽ യോജിക്കുവാൻ എന്നെ സ്നേഹിക്കുന്ന സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റകെട്ടായി എൻ്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങൾക്ക് എല്ലാവർക്കും എൻ്റെ നമസ്ക്കാരം. ജയ്ഹിന്ദ്.
Adjust Story Font
16