Quantcast

പുനഃസംഘടനയുമായി കെപിസിസി മുന്നോട്ട്; അയയാതെ ഗ്രൂപ്പുകൾ

ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടേയും ഡിസിസി അധ്യക്ഷൻമാരുടേയും യോഗത്തിലാണ് മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത്. ഇത് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ സ്ഥാനങ്ങളും വഹിക്കുന്നവരെ പാർട്ടി പദവിയിലേക്ക് പരിഗണിക്കില്ല.

MediaOne Logo

Web Desk

  • Published:

    18 Dec 2021 12:46 AM GMT

പുനഃസംഘടനയുമായി കെപിസിസി മുന്നോട്ട്; അയയാതെ ഗ്രൂപ്പുകൾ
X

കെപിസിസിയുടേയും ഡിസിസികളിലേയും സഹഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾക്ക് കോൺഗ്രസ് നേതൃത്വം രൂപം നൽകി. മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും. പുനഃസംഘടനാ നടപടികൾ തുടരുന്നതിലെ മുതിർന്ന നേതാക്കളുടെ അതൃപ്തി തുടരുന്നതിനിടെയാണ് കെപിസിസി നേതൃത്വത്തിന്റെ പുതിയ നീക്കം.

ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടേയും ഡിസിസി അധ്യക്ഷൻമാരുടേയും യോഗത്തിലാണ് മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത്. ഇത് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ സ്ഥാനങ്ങളും വഹിക്കുന്നവരെ പാർട്ടി പദവിയിലേക്ക് പരിഗണിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. സഹകരണ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിക്കുന്നവർക്കും പാർട്ടി ഭാരവാഹിത്വം ലഭിച്ചേക്കില്ല. ഇക്കാര്യത്തിൽ യോഗത്തിൽ എതിരഭിപ്രായം ഉയർന്നെങ്കിലും ഭൂരിപക്ഷ നിലപാട് പാർട്ടി ഭാരവാഹിത്വം നൽകേണ്ടതില്ലെന്ന നിർദേശത്തിന് അനുകൂലമായിരുന്നു.

മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ആവശ്യമായ കൂടിയാലോചന നടത്തി പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറണം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും പുനഃസംഘടന തുടരുന്നതിനെ മുതിർന്ന നേതാക്കൾ ഇപ്പോഴും എതിർക്കുകയാണ്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ. സുധാകരൻ ആശയ വിനിമയം നടത്തിയിരുന്നു. കെപിസിസി സെക്രട്ടറിമാരെ നിശ്ചയിക്കുന്നതിലടക്കം പട്ടിക സമർപ്പിക്കാൻ ഇരുവരും തയ്യാറായിട്ടില്ലെന്നാണ് സൂചനകൾ. ആലപ്പുഴയിൽ പ്രതാപ വർമ്മ തമ്പാൻ ചെന്നിത്തലയെ അധിക്ഷേപിച്ചുവെന്ന പരാതി പുനഃസംഘടനാ മാനദണ്ഡം നിശ്ചയിക്കാൻ ചേർന്ന യോഗത്തിലും ഉയർന്നു. പ്രതാപ വർമ്മ തമ്പാനും ബാബു പ്രസാദും തമ്മിൽ വാക്‌പോരിനും ഇത് ഇടയാക്കി. ഇരുപക്ഷത്തിന്റെയും പരാതികൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി കെ. സുധാകരൻ ഈ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.


TAGS :

Next Story