എം.കെ രാഘവനും കെ.മുരളീധരനുമെതിരായ റിപ്പോർട്ട് കെ.പി.സി.സി ഹൈക്കമാൻഡിന് കൈമാറി
മുരളീധരനും രാഘവനും നടത്തുന്ന പരസ്യ വിമർശനങ്ങൾക്കെതിരെയാണ് കെ.പി.സി.സി നടപടി ആവശ്യപ്പെടുന്നത്. എന്നാൽ നേതൃത്വത്തിന്റെ വീഴ്ചകൾ ഹൈക്കമാൻഡിന് മുന്നിൽ തുറന്നുകാണിക്കുമെന്ന നിലപാടിലാണ് ഇവർ.
KPCC
തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച എം.കെ രാഘവനും കെ.മുരളീധരനുമെതിരെ കെ.പി.സി.സി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. ഇരുവർക്കുമെതിരെ എന്ത് നടപടി വേണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. അതേസമയം ഏകപക്ഷീയമായ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിലാണ് രാഘവനും മുരളീധരനും.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ റിപ്പോർട്ടിനൊപ്പം തന്റെ ശിപാർശയും ചേർത്താണ് കെ.സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്. പരസ്യപ്രസ്താവനകൾ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ടെന്നാണ് സുധാകരന്റെ ശിപാർശയുടെ ഉള്ളടക്കം. അതുകൊണ്ട് ഹൈക്കമാൻഡ് ഇടപെടണമെന്നാണ് ആവശ്യം.
എം.പിമാർക്കും എ.ഐ.സി.സി അംഗങ്ങൾക്കുമെതിരെ കെ.പി.സി.സിക്ക് നടപടിയെടുക്കാനാവില്ല. അതുകൊണ്ടാണ് ഹൈക്കമാൻഡിനെ ഇടപെടീക്കാൻ ശ്രമം നടക്കുന്നത്. അതേസമയം ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചാൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ എണ്ണിപ്പറയാനാണ് കെ.മുരളീധരന്റെയും എം.കെ രാഘവന്റെയും തീരുമാനം. രാഷ്ട്രീയകാര്യസമിതി ചേരാത്തത് അടക്കമുള്ള കാര്യങ്ങൾ ഇവർ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
Adjust Story Font
16