'സമരാഗ്നി'; കെ.പി.സി.സിയുടെ കേരള പര്യടനം ജനുവരി 21 മുതൽ; കെ. സുധാകരൻ നയിക്കും
അമേരിക്കയിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് കെ. സുധാകരൻ അറിയിച്ചു.
തിരുവനന്തപുരം: സമരാഗ്നി എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പര്യടനം നയിക്കും. 21ന് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം.
ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ ഒരുക്കങ്ങളിൽ പങ്കാളിയാവുക.
അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. 21ന് പ്രതിപക്ഷ നേതാവും മറ്റ് എംഎൽഎമാരും നിയമസഭയിലായിരിക്കും. ഇവർക്ക് 21ന് സഭ വിടാനുള്ള സാഹചര്യവും ഉണ്ടാവില്ല.
അതിനാൽ അവർക്ക് പങ്കെടുക്കാനുള്ള സാധ്യത കുറയ്ക്കുന്നതാണ് യാത്രയുടെ തിയതി എന്ന അഭിപ്രായം ചില നേതാക്കൾ ഉയർത്തിയിരുന്നു. എന്നാൽ കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ യാത്രാ തിയതി മാറ്റിയിട്ടില്ല. സർക്കാരിനെതിരായ വികാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 140 മണ്ഡലങ്ങളിലൂടെയും യാത്ര നടത്തുന്നത്.
അതേസമയം, അമേരിക്കയ്ക്ക് പോവുന്ന സുധാകരൻ കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല മറ്റാർക്കും നൽകിയിട്ടില്ല. അധ്യക്ഷന്റെ അസാന്നിധ്യത്തിലായിരിക്കും പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടക്കുക. എന്നാൽ അമേരിക്കയിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് കെ. സുധാകരൻ അറിയിച്ചു.
Adjust Story Font
16