കെപിസിസിയിൽ സമ്പൂർണ പുനസംഘടന; ജംബോ കമ്മിറ്റികൾ ഇനിയില്ല
ലോക്ക്ഡൗണിനുശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ പുനസംഘടനയ്ക്ക് മാർഗരേഖ തയാറാക്കും
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയാവും അടിത്തട്ടുമുതലുള്ള പുനസംഘടന. തോൽവിയുടെ ഉത്തരവാദിത്തം നേതാക്കൾ കൂട്ടത്തോടെ ഏറ്റെടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വം മാറണമെന്ന ആവശ്യവും ഉയർന്നു. ലോക്ക്ഡൗണിനുശേഷം രണ്ടുദിവസം നീണ്ടുനിൽക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ പുനസംഘടനയ്ക്ക് മാർഗരേഖ തയാറാക്കും.
അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടിയുടെ ശാപമായി ജംബോ കമ്മിറ്റികൾ ഇനിയുണ്ടാവില്ല. തിരക്കുകൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനായി വിശദമായ മാർഗരേഖ തയാറാക്കും. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡന്റുമാരോടും വിശദമായ റിപോർട്ട് തേടി. ഇതുകൂടി പരിഗണിച്ചാണ് രാഷ്ട്രീയകാര്യ സമിതി പുനസംഘടനാരൂപം തയാറാക്കുക.
രാഷ്ട്രീയകാര്യ സമതിയിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻചാണ്ടി ഏറ്റെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് പരിഭവിച്ചു. ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.
പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് യോഗത്തിൽ ചെന്നിത്തല അറിയിച്ചു. പരസ്പരം പഴിപറഞ്ഞ് മറ്റുള്ളവർക്ക് ചിരിക്കാൻ വഴിയൊരുക്കരുതെന്നും ചെന്നിത്തല നേതാക്കളെ ഓർമിപ്പിച്ചു. എല്ലാം മുതലക്കാൻ ആർഎസ്എസ് കാത്തിരിക്കുകയാണെന്നും അവരുടെ കെണിയിൽ വീണുപോകരുതെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
കെ മുരളീധരനും കെ സുധാകരനും പിജെ കുര്യനുമടക്കമുള്ള നേതാക്കളാണ് പുനസംഘടന വേണമെന്ന നിലപാടിൽ ഉറച്ചുനിന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്നാവശ്യപ്പെട്ട പിജെ കുര്യൻ എഐസിസി മാനദണ്ഡപ്രകാരമല്ല സ്ഥാനാർത്ഥി നിർണയമെന്നും കുറ്റപ്പെടുത്തി. നേതാക്കൾ ഗ്രൂപ്പ് പണി നിർത്തി തെറ്റുതിരുത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു. അവസാനം പൊതുവികാരം പരിഗണിച്ചാണ് സമ്പൂർണ പുനസംഘടനയ്ക്കുള്ള തീരുമാനം രാഷ്ട്രീയകാര്യ സമിതി എടുത്തത്.
Adjust Story Font
16