Quantcast

'സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്?' കടയ്ക്ക് മുന്നില്‍ നാല് പേര്‍ കൂടിയതിന് വൃദ്ധന് പിഴ 2000

പ്രതിസന്ധിയുടെ കാലത്ത് ജീവിക്കാൻ വഴിയില്ലാത്തവന് 2,000 രൂപ പിഴ അടിച്ചുകൊടുത്ത പൊലീസ് നടപടിയടെ വിമര്‍ശിക്കുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റായ കെ.പി.എം സലീം

MediaOne Logo

Web Desk

  • Updated:

    2021-08-03 04:59:02.0

Published:

3 Aug 2021 4:57 AM GMT

സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്? കടയ്ക്ക് മുന്നില്‍ നാല് പേര്‍ കൂടിയതിന് വൃദ്ധന് പിഴ 2000
X

ആകെയുള്ളത് രണ്ട് പലചരക്കു കടകള്‍.സമീപത്ത് നാലാള്‍ കൂടിയതിന് പൊലീസ് പിഴയിട്ടത് രണ്ടായിരം രൂപ. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ ചാമപ്പറമ്പിലാണ് സംഭവം. പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.പി.എം സലീം. നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

നിയമ ലംഘനങ്ങൾക്ക് ശുപാർശകനായി പൊതുവെ പോലീസ് സ്റ്റേഷനിൽ പോകാത്ത ഞാനിന്നു വാർദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യർത്ഥന മാനിച്ചാണ് പോയതെന്നും അദ്ദേഹം പറയുന്നു. ബീവറേജസിനു മുന്നിൽ ആയിരങ്ങൾ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകൾ ചെയ്യുന്നതെന്നും സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് മേലുള്ള പൊലീസുകാരുടെ പിഴ ചുമത്തല്‍ തുടരുകയാണ്. നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ പലഭാത്ത് നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാൻ

കെ പി എം സലീം

തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന്.എൻ്റെ വാർഡ് ചാമപ്പറമ്പ് തികച്ചും ഒരു കുഗ്രാമം.പേരിനു പോലും ഒരു ബസ് സർവ്വീസ് ഇല്ലാത്ത, ഓട്ടോസ്റ്റാൻറ് ഇല്ലാത്ത, മറ്റൊരു നാട്ടുകാരനും ഒരു സാധനം പോലും വാങ്ങാൻ വരാത്ത ചാമപ്പറമ്പിലെ നറുക്കോട് എന്ന ദേശത്ത് വളരെ കുറഞ്ഞ വീടുകൾ. ആകെയുള്ള 2 പലചരക്കുകടകൾ.രണ്ട് കടകളിലും കൂടി എന്ത് കച്ചവടം നടക്കും എന്ന് നാം ഒന്ന് ചിന്തിക്കണം.അതിൽ ഒരു കടക്കാരന് നമ്മുടെ പോലീസുകാർ ഫൈനിട്ട രശീതിയാണ് ചുവടെയുള്ളത്.

നിയമ ലംഘനങ്ങൾക്ക് ശുപാർശകനായി പൊതുവെ പോലീസ് സ്റ്റേഷനിൽ പോകാത്ത ഞാനിന്നു പോയി. വാർദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യർത്ഥന മാനിച്ചാണ് പോയത്.പലചരക്ക് കടയുടെ സമീപത്ത് നാലു ചെറുപ്പക്കാർ നിന്നു എന്നതാണ് കുറ്റം.(അവർ നിന്നത് ശരിയാണെന്നഭിപ്രായമില്ല).അവർ നിന്നതിന് കടക്കാരനിട്ട ഫൈനാണീ 2000.പല ചരക്ക് സാധനം വിറ്റ് 2000 രൂപ ലാഭം കിട്ടണമെങ്കിൽ എത്ര ദിവസം കച്ചവടം നടത്തണം ഈ നാട്ടിൽ പുറത്തുകാരൻ എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഒരു അഞ്ഞൂറു രൂപ വാങ്ങിയാൽ പോലും വലിയ പിഴയാകുമായിരുന്നിടത്താണ് FIR ഇട്ട് രണ്ടായിരം വാങ്ങിയത്.സത്യം പറഞ്ഞാൽ ഇടനെഞ്ച് പൊട്ടിപ്പോയി അയാളുടെ ദയനീയാവസ്ഥയോർത്ത്.ബീവറേജസിനു മുന്നിൽ ആയിരങ്ങൾ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകൾ ചെയ്യുന്നത്.2000 ഫൈനിട്ട പോലീസുകാരനും ഒരുപക്ഷെ നിസഹായനായിരിക്കാം.മുകളിലെ ഏമാൻമാരുടെ ഉത്തരവുകളനുസരിക്കാനേ അയാൾക്കു നിർവ്വാഹമുള്ളൂ.

പക്ഷെ ഒന്നു പറയാം.സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത്.കോടികൾ കട്ടുമുടിച്ചവർ ഒരു രൂപ പോലും പിഴ നൽകാതെ വിലസുന്ന നാട്ടിലാണിതെല്ലാം എന്നോർക്കുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു നാണക്കേടേ നിൻ്റെ പേരോ .........

TAGS :

Next Story