കെ റെയിലിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ, പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: പ്രശാന്ത് ഭൂഷണ്‍
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയെ എതിര്‍ത്തവരാണ് പദ്ധതി നടപ്പിലാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശാന്ത് ഭൂഷണ്‍
കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പദ്ധതി റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടിയുളളതാണെന്നും സുപ്രീം കോടതി അഭിഭാഷകനും ആക്ടീവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയെ എതിര്‍ത്തവര്‍ പദ്ധതി നടപ്പിലാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കാട്ടിലപ്പീടികയില്‍ നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദ്ദേഹം.
കാട്ടിലപ്പീടികയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരു വര്‍ഷം പിന്നിട്ടു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കോടതി അഭിഭാഷകന്‍ സമര പന്തലില്‍ എത്തിയത്. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ഇ ശ്രീധരന്‍ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫും രംഗത്ത് വന്നിരുന്നു. പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന പാത കേരളത്തെ നടുകെ മുറിക്കുമെന്ന് എംകെ മുനീര്‍ സമിതി യുഡിഎഫ് നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, കെ റെയില്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. 11 ജില്ലകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. റെയില്‍വേ ബോര്‍ഡില്‍ നിന്നുള്ള അന്തിമ അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും.
Adjust Story Font
16